വായ്പ, നിക്ഷേപ വിവരങ്ങള്‍, ബാങ്ക് ഫോമുകള്‍...; എസ്ബിഐ വാട്‌സ്ആപ്പ് ബാങ്കിങ് വഴി ഇനി 15 സേവനങ്ങൾ കൂടി.

 


ന്യൂഡല്‍ഹി: ഇടപാടുകള്‍ എളുപ്പവും വേഗത്തിലുമാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വാട്സ്ആപ്പ് ബാങ്കിങ് സേവനം ആരംഭിച്ചത്. എടിഎമ്മില്‍ പോകാതെയും ബാങ്കിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെയും ബാങ്കിങ് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് വാട്സ് ആപ്പില്‍ സേവനം ഒരുക്കിയിരിക്കുന്നത്.

തുടക്കത്തില്‍ അക്കൗണ്ട് ബാലന്‍സ്, മിനി സ്റ്റേറ്റ്മെന്റ് എന്നി സേവനങ്ങളാണ് വാട്സ് ആപ്പ് വഴി ഇടപാടുകാരന് അറിയാന്‍ കഴിഞ്ഞിരുന്നത് ഇപ്പോള്‍ സേവനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുകയാണ് എസ്ബിഐ. അക്കൗണ്ട് ബാലന്‍സ്, മിനി സ്റ്റേറ്റ്മെന്റ് എന്നിവയ്ക്ക് പുറമേ 13 സേവനങ്ങള്‍ കൂടി വാട്സ്ആപ്പ് വഴി ലഭ്യമാക്കിയിരിക്കുകയാണ് എസ്ബിഐ.

പെന്‍ഷന്‍ സ്ലിപ്പ്, ബാങ്കിങ് ഫോമുകള്‍, വിവിധ നിക്ഷേപങ്ങളുടെ വിവരങ്ങള്‍, വിവിധ വായ്പകളുടെ വിവരങ്ങള്‍, എന്‍ആര്‍ഐ സേവനം, ഇന്‍സ്റ്റാ അക്കൗണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, ഡെബിറ്റ് കാര്‍ഡ് ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, നഷ്ടപ്പെട്ടതും മോഷണം പോയതുമായ കാര്‍ഡിന്റെ വിവരങ്ങള്‍, അടുത്തുള്ള എടിഎം, ബാങ്ക് ശാഖ എന്നിവ ലോക്കേറ്റ് ചെയ്യുന്നതിനുള്ള സേവനം, പരാതി പരിഹാര ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍, കോണ്‍ടാക്ട്സുകള്‍, മുന്‍കൂട്ടി അനുമതി ലഭിച്ച വായ്പകള്‍ സംബന്ധിച്ച സംശയങ്ങള്‍, ഡിജിറ്റല്‍ ബാങ്കിങ് വിവരങ്ങള്‍, ബാങ്ക് അവധി വിവരങ്ങള്‍, എന്നിവയാണ് വാട്സ്ആപ്പ് വഴി എസ്ബിഐ നല്‍കുന്ന മറ്റു സേവനങ്ങള്‍. 

സേവിങ് അക്കൗണ്ട്, റെക്കറിങ് ഡെപ്പോസിറ്റ്, സ്ഥിര നിക്ഷേപം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വാട്‌സ്ആപ്പ് വഴി അറിയാന്‍ സാധിക്കുന്നത് നിക്ഷേപകര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. എല്ലാ തരത്തിലുള്ള ബാങ്ക് ഫോമുകളും വാട്‌സ്ആപ്പ് വഴി ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ഡെപ്പോസിറ്റ് ഫോമുകള്‍, പണം പിന്‍വലിക്കാന്‍ ഉപയോഗിക്കുന്ന ഫോമുകള്‍, തുടങ്ങി എല്ലാ തരത്തിലുള്ള ഫോമുകളും വാട്‌സ്ആപ്പ് ബാങ്കിങ് സര്‍വീസ് ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവിധമാണ് സംവിധാനം. ഭവന വായ്പ, കാര്‍ വായ്പ, സ്വര്‍ണവായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കാനും ഇതിലൂടെ സാധിക്കും. ഡെബിറ്റ് കാര്‍ഡിന്റെ ഉപയോഗം, ഇടപാട് ഹിസ്റ്ററി എന്നിവ അറിയാനും വാട്‌സ്ആപ്പ് ബാങ്കിങ് സേവനം വഴി കഴിയും.

സേവനങ്ങള്‍ ലഭിക്കുന്നതിന് ആദ്യം ബാങ്കിന്റെ വാട്സ് ആപ്പ് അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്യണം. അതിനായി WAREG എന്ന് ടൈപ്പ് ചെയ്ത ശേഷം സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി 917208933148 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. രജിസ്റ്റര്‍ ആയി എന്ന് കാണിച്ച് എസ്ബിഐ എസ്എംഎസ് ആയി തന്നെ മറുപടി നല്‍കും.

തുടര്‍ന്ന് വാട്സ് ആപ്പില്‍ +919022690226 എന്ന നമ്പറിലേക്ക് 'hi'എന്ന്  ടൈപ്പ് ചെയ്ത് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

Previous Post Next Post