ബെംഗളുരു ആസ്‌ഥാനമായുള്ള ഏഥർ പുതിയ വൈദ്യുത സ്കൂട്ടർ പുറത്തിറക്കുന്നു. ഏഥർ അപെക്സ് എന്നു പേരിട്ടിരിക്കുന്ന ഈ സ്കൂട്ടർ ഏഥർ പുറത്തിറക്കുന്ന ഏറ്റവും വേഗമേറിയ സ്കൂട്ടറാണെന്ന സവിശേഷതയുമുണ്ട്. 450 എക്‌ിൽ റാപ് മോഡാണെങ്കിൽ ഏഥർ അപെക്സിൽ റാപ് പ്ലസ് മോഡാണുള്ളത്. പ്രീബുക്കിങ് ആരംഭിച്ചിട്ടുള്ള ഏഥർ അപെക്സ് ജനുവരി ആറിനാണ് ലോഞ്ച് ചെയ്യുക.
പത്തുവർഷം പൂർത്തിയാക്കുന്ന ഏഥറിന്റെ പുതിയ വാഹനം ഏഥർ 450എസ്, 450എക്സ് എന്നീ മുൻ മോഡലുകളോട് സാമ്യം പുലർത്തുന്നുണ്ട്. ടീസറിൽ പ്രധാന വ്യത്യാസം പിൻഭാഗത്തുള്ള മാറ്റങ്ങൾ മാത്രമാണ് കാണാനാവുക. 450 എക്സിലേതുപോലെ 7 ഇഞ്ച് ടിഎഫ്ടി ടച്ച്സ്ക്രീൻ തന്നെയാണ് പുതിയ സ്കൂട്ടറിലും. ബ്ലൂടൂത്ത് കണക്ടിവിറ്റി, ഓൺബോർഡ് നാവിഗേഷൻ, ഹിൽഹോൾഡ്, ഫോൺ കോൾ എടുക്കാനും സംഗീതം കേൾക്കാനുമുള്ള സംവിധാനം, ഓട്ടോ ഇൻഡിക്കേറ്റർ കട്ട് ഓഫ്, സൈഡ് സ്‌റ്റാൻഡ് സെൻസർ, പാർക്ക് അസിസ്റ്റ് എന്നിവയെല്ലാം ഫീച്ചറുകളിൽ പ്രതീക്ഷിക്കാം. ഏഥറിൻ്റെ മറ്റു മോഡലുകളിലേതുപോലെ സിംഗിൾ പീസ് സീറ്റായിരിക്കും പുതിയ മോഡലിലുമുണ്ടാവുക.