ഗൂഗിള്‍ പേയും ഫോണ്‍പേയും വീഴുമോ? ഫ്‌ളിപ്പ്കാര്‍ട്ടിന്റെ യുപിഐ വരുന്നു, പേമെന്റ് സംവിധാനം ഇങ്ങനെ.

 


ഗൂഗിള്‍ പേയും ഫോണ്‍ പേയും യുപിഐ പേമെന്റുകളില്‍ മുന്നില്‍ നില്‍ക്കുന്ന ആപ്പുകളാണ്. എന്നാല്‍ ഇവര്‍ക്കിനി വെല്ലുവിളികളുടെ കാലമാണ്. ഇന്ത്യയിലെ ജനപ്രിയ പല കമ്പനികളും ഒരുപോലെ പേമെന്റ് ആപ്പുകളുമായി രംഗത്ത് വരികയാണ്. ടാറ്റ പേമെന്റ്, സൊമാറ്റോ പേമെന്റ് എന്നിവ ഗൂഗിള്‍ പേയ്ക്ക് വരും ദിവസങ്ങളില്‍ വലിയ വെല്ലുവിളിയാവും.എന്നാല്‍ അക്കൂട്ടത്തിലെ ഓണ്‍ലൈന്‍ ആപ്പുകളില്‍ ഏറ്റവും ജനപ്രിയമായ ഫ്‌ളിപ്പ്കാര്‍ട്ട് കൂടിയെത്തുകയാണ്. ഫ്‌ളിപ്പ്കാര്‍ട്ട് സ്വന്തമായി യുപിഐ സേവനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പുറത്തിറക്കും. ഇനി ഫ്‌ളിപ്പ്കാര്‍ട്ടിലെ ഏത് സേവനങ്ങള്‍ക്കും ഗൂഗിള്‍ പേയില്‍ പോയി പണം അടയ്‌ക്കേണ്ട സാഹചര്യവും ഉണ്ടാവില്ല.അതേസമയം ഇത് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ സ്ഥിരം യൂസര്‍മാര്‍ക്കായിട്ടുള്ള പരിമിത അളവിലുള്ള പേമെന്റ് സര്‍വീസായിരിക്കും. ഇക്കാര്യത്തില്‍ മാത്രമാണ് ഗൂഗിള്‍ പേയ്ക്ക് അടക്കം ആശ്വസിക്കാനുള്ളത്. ഫ്‌ളിപ്പ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറയുന്നത് വലിയ പേമെന്റുകള്‍ക്ക് കമ്പനിക്ക് താല്‍പര്യമില്ലെന്നാണ്.

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഫിന്‍ടെക് കമ്പനിക്ക് ഇതൊരു ഫിനാന്‍ഷ്യല്‍ സര്‍വീസായി വളര്‍ത്തിയെടുക്കാനും താല്‍പര്യമില്ല. ഇതൊരു മിനിമം പേമെന്റ് സര്‍വീസായി കൊണ്ടുപോകാനാണ് ഫ്‌ളിപ്പ്കാര്‍ട്ട് ലക്ഷ്യമിടുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടിന് നഷ്ടപ്പെട്ട് പോയ യൂസര്‍മാരെ തിരിച്ചുകൊണ്ടുവരാനുള്ള തന്ത്രം കൂടിയാണിത്. ഫ്‌ളിപ്പ്കാര്‍ട്ടിലെ എല്ലാ യൂസര്‍മാര്‍ക്കും ഈ സേവനം ലഭ്യമാകുമോ എന്നും ഉറപ്പില്ല.തിരഞ്ഞെടുക്കപ്പെട്ട യൂസര്‍മാര്‍ക്കായി യുപിഐ സേവനങ്ങള്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കുറച്ച് ആഴ്ച്ചകള്‍ മാത്രമേ നിലവില്‍ ഈ സേവനം ലഭിക്കൂ. ഉപയോക്താക്കള്‍ ഇഷ്ടമുള്ള രീതിയില്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ പേമെന്റ് നടത്താം. ഫ്‌ളിപ്പ്കാര്‍ട്ടില്‍ 500 മുതല്‍ 600 മില്യണ്‍ വരെ യൂസര്‍മാര്‍ എത്താറുണ്ട്.

അവര്‍ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യല്‍, മരുന്നുകള്‍ വാങ്ങുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ യുപിഐ ഉപയോഗപ്പെടുത്താമെന്നും കൃഷ്ണമൂര്‍ത്തി പറയുന്നു. ഇതിലൂടെ ഫ്‌ളിപ്പ്കാര്‍ട്ടിലെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ കൂടിയാണ് ലക്ഷ്യമിടുന്നത്. മറ്റൊരു ആപ്പിലേക്ക് പോകാതെ പേമെന്റ് നടത്താനാവുന്നതോടെ കൂടുതല്‍ പേര്‍ ആപ്പിലേക്ക് വരുമെന്നാണ് പ്രതീക്ഷ.

ഫ്‌ളിപ്പ്കാര്‍ട്ട് കഴിഞ്ഞ ജൂലായില്‍ ലെന്‍ഡിംഗ് മാര്‍ക്കറ്റ് പ്ലേസ് ആക്‌സിസ് ബാങ്കുമായി സഹകരിച്ച് ലോഞ്ച് ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും വിജയകരമായ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയാണ് ഇതിലൂടെ ഫ്‌ളിപ്പ്കാര്‍ട്ടിന് ലഭിച്ചത്. 4.5 മില്യണ്‍ ആക്ടീവ് കണ്‍സ്യൂമര്‍മാരാണ് ഈ ക്രെഡിറ്റ് കാര്‍ഡിനുള്ളത്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബൈ നൗ പേ ലേറ്റര്‍ ഓപ്ഷനും കുറച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്.ഇതും പോപ്പുലരാണ്.  കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ ഉപയോക്താക്കളെ സഹായിക്കുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഫ്‌ളിപ്പ്കാര്‍ട്ടിനും വരുമാനം ലഭിക്കും. എന്നാല്‍ മറ്റ് പേമെന്റ് ആപ്പുകളെ പോലെ വലിയ ഫിനാന്‍ഷ്യല്‍ സേവനങ്ങളിലേക്ക് പോകാന്‍ ഫ്‌ളിപ്പ്കാര്‍ട്ട് ആഗ്രഹിക്കുന്നില്ലെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു.

Previous Post Next Post