റിസർവ് ബാങ്ക് പേയ്ടിഎം പേയ്മെന്റ്‌സ് ബാങ്കിന്റെ (Paytm Payments Bank) വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശ്വാസം നൽകി. ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും പേയ്ടിഎം ബാങ്കിംഗ് സേവനങ്ങൾ, വാലറ്റുകൾ, ഫാസ്ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ എന്നിവ ഉപയോഗിച്ച് ഇടപാടുകൾ നടത്താനുമുള്ള സമയപരിധി ഫെബ്രുവരി 29 ൽ നിന്ന് മാർച്ച് 15 വരെ നീട്ടി.
പേയ്മെന്റ്‌സ് ബാങ്കിന്റെ ഫണ്ട് ട്രാൻസ്ഫർ, ബിൽ പേയ്മെന്റ്, യുപിഐ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ബാങ്കിംഗ് സേവനങ്ങൾക്കും സമയപരിധി മാർച്ച് 15 വരെ നീട്ടിയിട്ടുണ്ട്. എന്നാൽ, പേയ്ടിഎം പേയ്മെന്റ്‌സ് ബാങ്കിന്റെ മാതൃസ്ഥാപനമായ വൺ97 കമ്മ്യൂണിക്കേഷൻസിന്റെയും പേയ്ടിഎം പേയ്മെന്റ്‌സ് സേവനങ്ങളുടെയും നോഡൽ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതിനുള്ള സമയപരിധി ഫെബ്രുവരി 29 ൽ തന്നെ നിലനിർത്തും.
നിലവിൽ തടസ്സമില്ലാതെ വ്യാപാര ഇടപാടുകൾ തുടരാൻ പേയ്ടിഎം ഒരു എസ്‌ക്രോ അക്കൗണ്ട് തുറന്ന് നോഡൽ അക്കൗണ്ട് ആക്‌സിസ് ബാങ്കിലേക്ക് മാറ്റിയതായി അറിയിച്ചു. ഒരു മൂന്നാം കക്ഷിക്ക് വേണ്ടി പണം സ്വീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു കരാർ ക്രമീകരണമാണ് എസ്‌ക്രോ.
മാർച്ച് 15ന് ശേഷവും അക്കൗണ്ടിലും വാലറ്റിലും മിച്ചമുള്ള പണം പിൻവലിക്കാൻ ഉപഭോക്താക്കൾക്ക് അനുവാദമുണ്ട്. ഇതിൽ സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, ഫാസ്ടാഗുകൾ, എൻസിഎംസി കാർഡ് ബാലൻസുകൾ എന്നിവ ഉൾപ്പെടുന്നു. പേയ്ടിഎം ക്യുആർ, സൗണ്ട്‌ബോക്‌സ് തുടങ്ങിയ സേവനങ്ങൾ മാർച്ച് 15ന് ശേഷവും പ്രവർത്തിക്കും. എന്നാൽ, ഫാസ്ടാഗ് ഉൾപ്പെടെയുള്ള റീചാർജ്, പോപ്പ് അപ്പ് സൗകര്യങ്ങൾ ലഭ്യമാകില്ല.