TECH Malayalam | Latest News Updates From Technology In Malayalam

മരണ അറിയിപ്പിന് തംസ്അപ് ഇമോജി മറുപടി; തെറ്റില്ലെന്ന് കോടതി.

 വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള മരണ അറിയിപ്പിന് പ്രതികരണമായി തംസ് അപ്പ് ഇമോജി ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം ഇമോജിയെ ശരിയെന്ന അ‌ർഥത്തിൽ കണ്ടാൽ മതിയെന്നും കോടതി വ്യക്തമാക്കി. മേലുദ്യോഗസ്ഥൻ കൊല്ലപ്പെട്ടത് അറിയിച്ചുകൊണ്ടുള്ള സന്ദേശത്തിന് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രതികരണമായി തംസ് അപ്പ് ഇമോജി ഇട്ട് പ്രതികരിച്ചതിന് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ നരേന്ദ്ര ചൗഹാനെ സർവീസിൽനിന്ന് നീക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കോടതിയിലെത്തിയ ഉദ്യോഗസ്ഥന് അനുകൂലമായി മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു.


വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഒരു സന്ദേശത്തിന് തംസ് അപ്പ് ഇടുന്നതിലൂടെ ഒ കെ എന്ന് മാത്രമാണ് അര്‍ത്ഥമാക്കുന്നതെന്നും ജസ്റ്റിസുമാരായ ഡി കൃഷ്ണകുമാറും ആര്‍ വിജയകുമാറും ഉൾപ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇത്തരത്തിലുള്ള ഇമോജികള്‍ ആഘോഷമാക്കി കണക്കാക്കരുതെന്നും കോടതി പറഞ്ഞു.

സേനയ്ക്ക് അച്ചടക്കം വേണ്ടതാണെന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ക്രൂരമായ കൊലപാതകത്തെ തംസപ്പിട്ട് ആഘോഷിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് ആർപിഎഫ് ജനറൽ അപ്പീലീൽ പറഞ്ഞത്. എന്നാൽ കോടതി ഈ വാദം നിരാകരിച്ചു.

Post a Comment

Previous Post Next Post