''മാസങ്ങൾക്കുള്ളിൽ ബിഎസ്എൻഎൽ രാജ്യത്തുടനീളം ആത്മനിർഭർ 4ജി സാങ്കേതികവിദ്യ അവതരിപ്പിക്കും," എന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ടാറ്റയുടെ ടിസിഎസ് ആണ് ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ടിസിഎസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ കേന്ദ്ര ടെലിക്കോം ഗവേഷണ സ്ഥാപനമായ സി-ഡോട്ടും അടങ്ങുന്നു.
തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി വേണമെന്ന കേന്ദ്ര നിർദേശത്തിന് അനുസൃതമായി സി-ഡോട്ട് വികസിപ്പിച്ച ആത്മനിർഭർ 4ജി ടെക്നോളജിയാണ് ബിഎസ്എൻഎൽ 4ജി വ്യാപനത്തിനായി ഉപയോഗിക്കുന്നത്. 700 മെഗാഹെർട്‌സിൻ്റെ (Mhz) പ്രീമിയം സ്പെക്‌ട്രം ബാൻഡിലും പൈലറ്റ് ഘട്ടത്തിൽ 2,100 Mhz ബാൻഡിലും പുറത്തിറക്കിയ 4G നെറ്റ്‌വർക്കിൽ സെക്കൻഡിൽ 40-45 മെഗാബിറ്റ് പീക്ക് സ്പീഡ് രേഖപ്പെടുത്തിയതായി അധികൃതർ അവകാശപ്പെട്ടു.
പഞ്ചാബിൽ ഈ 4ജി ടെക്നോളജി ഉപയോഗിച്ച് 4ജി വ്യാപനം ആരംഭിച്ചിരുന്നു. നിലവിൽ ആരംഭിച്ച ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഏതാണ്ട് 8 ലക്ഷത്തിലധികം പേർക്ക് 4ജി സേവനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് അധികൃതർ പറയുന്നു. C-DoT വികസിപ്പിച്ച 4G കോർ പഞ്ചാബിലെ ബിഎസ്എൻഎൽ നെറ്റ്‌വർക്കിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നാണ് അധികൃതർ ഇപ്പോൾ പറയുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് പഞ്ചാബിൽ ഇത് ഇൻസ്റ്റാൾ ചെയ്തത്. അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ടിൽ ഈ 4ജി ടെക്നോളജിക്ക് ചില തകരാറുകൾ ഉണ്ടെന്നും 4ജി വ്യാപനം വീണ്ടും വൈകുമെന്നും പറഞ്ഞിരുന്നു. എന്നാൽ അതിനെയെല്ലാം തള്ളിക്കളയുന്ന വിധത്തിലുള്ള അവകാശവാദങ്ങളാണ് അധികൃതർ നടത്തുന്നത്. സങ്കീർണ്ണമായ സാങ്കേതികവിദ്യയുടെ വിജയം തെളിയിക്കാൻ 12 മാസമെടുക്കും.
അതായത് ആത്മനിർഭർ 4ജിയുടെ വിജയം ഉറപ്പാക്കാൻ ഈ വർഷം ജൂലൈ വരെ സമയമെടുക്കേണ്ടത് ആയിരുന്നു. എന്നാൽ പത്ത് മാസമായപ്പോൾ തന്നെ സി- ഡോട്ടിന്റെ കോർ ടെക്നോളജി സ്ഥിരത കൈവരിച്ചുകഴിഞ്ഞിരിക്കുന്നു എന്നും അധികൃതർ പറയുന്നു. ഇത് വിജയമായതിനാൽ അടുത്ത ഓഗസ്റ്റ് ആകുമ്പോഴേക്കും രാജ്യത്തുടനീളം ബിഎസ്എൻഎല്ലിന്റെ 'ആത്മനിർഭർ 4ജി' എത്തും.
ഓഗസ്റ്റിൽ 4ജി എത്തുമെന്ന് ബിഎസ്എൻഎൽ അധികൃതർ പറയുമ്പോഴും അതിനെ അത്ര വിശ്വസിക്കാനാകില്ല എന്നതാണ് സത്യം. കാരണം 2022 ഡിസംബറിൽ ടെലിക്കോം മന്ത്രി പറഞ്ഞത് 2023ൽ ബിഎസ്എൻഎൽ 4ജി വരുമെന്ന് ആയിരുന്നു. 2023 കഴിഞ്ഞ് ഇപ്പോൾ 2024 ആയിട്ടും വരുമെന്ന് പറയുന്ന തീയതി മാറുന്നതല്ലാതെ പതിവ് പല്ലവിയിൽ മാറ്റമൊന്നും വന്നിട്ടില്ല.
'ഇപ്പൊ ശരിയാക്കിത്തരാം' എന്ന വാഗ്ദാനത്തിനപ്പുറം പകുതി വരിക്കാരിലേക്കെങ്കിലും 4ജി എത്തിക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞില്ല. ബിഎസ്എൻഎൽ 4ജി വ്യാപനം തുടങ്ങി മാസങ്ങളും വർഷങ്ങളും കഴിഞ്ഞ് ആരംഭിച്ച ജിയോയുടെ 5ജി വ്യാപനം ഇപ്പോൾ ഏതാണ്ട് പൂർത്തിയാകാറായിരിക്കുന്നു. എയർടെലും 5ജിയിൽ ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ട്. എന്നാൽ ബിഎസ്എൻഎൽ ഇപ്പോഴും കെട്ടിയിട്ട കുറ്റിക്ക് ചുറ്റും വട്ടം കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ആളുകൾ വിമർശിക്കുന്നു.
"ഓഗസ്റ്റിൽ ബിഎസ്എൻഎൽ 4ജി വരും എന്ന അധികാരികളുടെ വാദം സത്യമായാലും അല്ലെങ്കിലും, ബിഎസ്എൻഎൽ 4ജിയുടെ നിർണ്ണയം ഈ വരുന്ന കേന്ദ്ര സർക്കാർ ആയിരിക്കും. അപ്പോഴേക്കും ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാവുകയും ഫലങ്ങൾ വരികയും ചെയ്യുന്നതിനാൽ, പുതിയ കേന്ദ്ര സർക്കാരിന്റെ കീഴിലേക്കായിരിക്കും ബിഎസ്എൻഎൽ 4ജി എത്തുക."
നിലവിലെ ഭരണകക്ഷി ജയിച്ചാലും ഇല്ലെങ്കിലും ടെലിക്കോം മന്ത്രിയുടെ കാര്യത്തിൽ മാറ്റം വന്നേക്കാം. ഇലക്ഷൻ റിസൾട്ട് എന്ത് തന്നെയായാലും ബിഎസ്എൻഎൽ 4ജിയുടെ ഭാവിയും ബിഎസ്എൻഎൽ എന്ന പ്രസ്ഥാനത്തിന്റെ ഭാവിയും കേന്ദ്ര സർക്കാരിന്റെ കൈയിലാണ്. സർക്കാർ ആഞ്ഞുപിടിച്ചാൽ പൂ പറിക്കുന്ന ലാഘവത്തിൽ 4ജി നടപ്പാക്കാം. ഉഴപ്പിയാൽ ബിഎസ്എൻഎൽ 4ജി അടുത്ത ഓഗസ്റ്റിൽ എന്ന പല്ലവി വർഷാവർഷം കേട്ടുകൊണ്ടിരിക്കാം.