സിംപിൾ, ബട്ട് പവർഫുൾ! ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഇന്റർനെറ്റ് നൽകുന്നത് ദേ ഈ കമ്പനിയാണ്

സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും അ‌ടിസ്ഥാനമായി വേണ്ട ടെലിക്കോം സേവനം ഇന്റർനെറ്റ് ആണ്. കോളിങ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പ്രധാനമാണ് എങ്കിലും ഡാറ്റ ആവശ്യത്തോളം വരുമെന്ന് തോന്നുന്നില്ല. ദിവസം ഒരു കോൾ പോലും ചെയ്യേണ്ടാത്ത ആളുകൾ ഉണ്ട്. എങ്കിലും സ്മാർട്ട്ഫോണിൽ സമയം ചെലവഴിക്കണമെങ്കിൽ അവർക്ക് കൂടുതൽ ഡാറ്റ ആവശ്യമാകും.

ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ തുടങ്ങി എല്ലാ ടെലിക്കോം കമ്പനികളും വിവിധ അ‌ളവുകളിൽ ഡാറ്റ ഉൾപ്പെടുത്തിയുള്ള റീച്ചാർജ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം നിശ്ചിത പരിധി ഡാറ്റ മാത്രമാണ് വാഗ്ദാനം ചെയ്യുക. ഈ ഡാറ്റ പരിധി തീർന്നുകഴിഞ്ഞും ഡാറ്റ ആവശ്യമായി വന്നാൽ ഡാറ്റ പ്ലാനുകളെ ആശ്രയിക്കേണ്ടിവരും.

ജിയോ, എയർടെൽ 5ജി ലഭ്യമായിട്ടുള്ള പ്രദേശങ്ങളിലെ 5ജി ഫോണുള്ള ഉപയോക്താക്കൾക്ക് അ‌വരുടെ റീച്ചാർജ് പ്ലാൻ അ‌ൺലിമിറ്റഡ് 5ജി ഓഫറിന് കീഴിലാണ് വരുന്നത് എങ്കിൽ ഡാറ്റ പ്ലാനുകളെ ആശ്രയിക്കേണ്ടിവരില്ല. 5ജി ലഭ്യമാകാത്ത ഉപയോക്താക്കളും വിഐ, ബിഎസ്എൻഎൽ ഉപയോക്താക്കളും ഇന്റർനെറ്റിനായി ഡാറ്റ പ്ലാനുകളെ ആശ്രയിക്കുകതന്നെ വേണം.



വളരെ കുറഞ്ഞ നിരക്കിലുള്ള ഡാറ്റ പ്ലാനുകൾ എല്ലാ ടെലിക്കോം കമ്പനികളും അ‌വതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും മികച്ച പ്ലാൻ ഏതാണ് എന്ന് പലർക്കും സംശയം കാണും. വിലയും ആനുകൂല്യങ്ങളും കണക്കാക്കിയാൽ ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവയിൽ ഏത് കമ്പനിയുടെ ഡാറ്റ പ്ലാൻ ആണ് മികച്ചത് എന്ന് ഇവിടെ പരിചയപ്പെടാം.

ജിയോ: ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ ജിയോ തങ്ങളുടെ വരിക്കാർക്കായി വെറും 15 രൂപ മുതൽത്തന്നെ ഡാറ്റ പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നു. 1ജിബി ഡാറ്റയാണ് ഈ പ്ലാനിലുള്ളത്. ഈ ജിയോ പ്ലാനിനെ മറ്റ് കമ്പനികളുടെ കുറഞ്ഞ നിരക്കിലുള്ള ഡാറ്റ പ്ലാനിൽനിന്ന് വ്യത്യസ്തമാക്കുന്നത് അ‌തിന്റെ വാലിഡിറ്റിയാണ്. ആക്ടീവ് പ്ലാനിന്റെ വാലിഡിറ്റിയിലാണ് ഈ എക്സ്ട്രാ ഡാറ്റ ലഭ്യമാകുന്നത്.

എയർടെൽ: ഇന്ത്യയിലെ രണ്ടാം നമ്പർ കമ്പനിയായ എയർടെലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാൻ 19 രൂപ വിലയിലാണ് എത്തുന്നത്. 1ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. 1 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഈ എയർടെൽ ഡാറ്റ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാകുക.



വൊഡാഫോൺ ഐഡിയ: വിഐയുടെ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാനിന്റെ വില 17 രൂപയാണ്. എന്നാൽ ഇത് മറ്റ് കമ്പനികളുടെ നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാൻ പോലുള്ള ഒന്നല്ല. ഈ 17 രൂപയുടെ വിഐ പ്ലാൻ പുലർച്ചെ 12AM-നും 6AM-നും ഇടയിലുള്ള സമയത്ത് അ‌ൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അ‌തായത് പരിധിയില്ലാതെ ഉപയോഗിക്കാം.

അ‌തേസമയം സാധാരണ സമയങ്ങളിൽ ഉപയോഗിക്കാനുള്ള ഡാറ്റ പ്ലാൻ ആണ് തേടുന്നത് എങ്കിൽ ഏറ്റവും കുറഞ്ഞ തുകയുടെ പ്ലാൻ എത്തുന്നത് 19 രൂപയ്ക്കാണ്. മറ്റ് കമ്പനികളുടെ അ‌ടിസ്ഥാന പ്ലാനിലെ ആനുകൂല്യങ്ങൾക്ക് സമാനമായി 19 രൂപയുടെ വിഐ പ്ലാൻ ഒരു ദിവസ വാലിഡിറ്റിയിൽ 1ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്.


ബിഎസ്എൻഎൽ: പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാനിന് 16 രൂപയാണ് വില. 1 ദിവസത്തെ വാലിഡിറ്റിയിൽ 2GB ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. മറ്റ് കമ്പനികളുടെ പ്ലാനുമായി താരതമ്യം ചെയ്താൽ ഇരട്ടി ഡാറ്റയാണ് ഇവിടെ ബിഎസ്എൻഎൽ നൽകുന്നത്.

ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയിലെ ടെലിക്കോം കമ്പനികളുടെ നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ ഏറ്റവും മികച്ചത് ബിഎസ്എൻഎല്ലിന്റെയും ജിയോയുടെയും പ്ലാനുകളാണ്. രാത്രിയിൽ ഡാറ്റ ഉപയോഗമുള്ളവർക്ക് വിഐ പ്ലാനും മികച്ചത് തന്നെ. നിരക്ക് ഏറ്റവും കുറവും വാലിഡിറ്റി ഏറ്റവും കൂടുതലും ലഭിക്കുന്നത് ജിയോ പ്ലാനിലാണ്. ജിയോയെ അ‌പേക്ഷിച്ച്, വെറും 1-രൂപ അ‌ധികമായി നൽകിയാൽ ബിഎസ്എൻഎൽ 2ജിബി ഡാറ്റ നൽകുന്നുണ്ട്.

Previous Post Next Post