സിഡിഎം വഴി പണം നിക്ഷേപിക്കുന്നത് പലർക്കും ഇപ്പോഴും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ, ഈ ആശങ്കകൾക്ക് പരിഹാരമായി റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ടി രബി ശങ്കർ പുതിയ സംവിധാനം പ്രഖ്യാപിച്ചിരിക്കുകയാണ്. യുപിഐ ഇന്റർഓപ്പറബിൾ കാഷ് ഡിപ്പോസിറ്റ് (യുപിഐ-ഐസിഡി) എന്ന ഈ സംവിധാനം വഴി യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് എടിഎം കാർഡ് ഇല്ലാതെ തന്നെ കാഷ് ഡിപ്പോസിറ്റ് മെഷീനുകളിലൂടെ (സിഡിഎം) പണം നിക്ഷേപിക്കാൻ സാധിക്കും.
മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക്ക് ഫെസ്റ്റിലാണ് ഈ പുതിയ സംവിധാനം പ്രഖ്യാപിച്ചത്. ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച യുപിഐ അക്കൗണ്ട്, വിപിഎ ഐഡി, അക്കൗണ്ടുകളുടെ ഐഎഫ്എസ് കോഡ് എന്നിവ ഉപയോഗിച്ചാണ് യുപിഐ-ഐസിഡി പ്രവർത്തിക്കുന്നത്. ഈ സംവിധാനം വഴി സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കോ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടിലേക്കോ പണം നിക്ഷേപിക്കാൻ സാധിക്കും.
എടിഎമ്മുകൾ ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ടി രബി ശങ്കർ പറഞ്ഞു. അക്കൗണ്ട് തുറക്കൽ, ക്രെഡിറ്റ് കാർഡുകൾക്ക് അപേക്ഷ നൽകൽ, എഫ്ഡി ആരംഭിക്കൽ, സേഫ് ഡിപ്പോസിറ്റ് ലോക്കറുകൾക്ക് അപേക്ഷിക്കൽ തുടങ്ങി വിവിധ സേവനങ്ങൾ എടിഎമ്മുകളിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023-ൽ തന്നെ കാർഡില്ലാതെ യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.