ടെലികോം കമ്പനികൾ ഇനി മുതൽ വോയ്സ് കോളുകൾക്കും എസ്‌എംഎസുകൾക്കും മാത്രമായുള്ള പ്രത്യേക റീചാർജ് പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉത്തരവിട്ടു. ട്രായ് നടത്തിയ ഒരു സർവേയുടെ അടിസ്ഥാനത്തിലാണ് ഇത്തരം മാറ്റങ്ങൾ.
ട്രായ് നടത്തിയ സർവേയിൽ രാജ്യത്ത് 15 കോടിയിലധികം ആളുകൾ ഇപ്പോഴും 2G കണക്ഷൻ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇവർക്ക് ഇന്റർനെറ്റ് ആവശ്യമില്ലെങ്കിലും നിലവിലുള്ള പ്ലാനുകളിൽ ഡാറ്റയും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ അതിന്റെ പണം നൽകേണ്ടി വരുന്നു.
ഈ സാഹചര്യം പരിഹരിക്കുന്നതിനും ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനുമായാണ് ട്രായ് ഈ തീരുമാനം എടുത്തത്. ഇതിനായി ഒരു സ്പെഷ്യൽ താരിഫ് വൗച്ചറെങ്കിലും വോയിസ്, എസ്.എം.എസ്. സേവനത്തിനുമാത്രമായി പുറത്തിറക്കണമെന്ന നിർദേശവുമായി 2012-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങൾ ഭേദഗതി ചെയ്താണ് ഉത്തരവിറക്കിയത്.
ഈ മാറ്റം ഇന്റർനെറ്റ് അധികം ഉപയോഗിക്കാത്ത ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കും ഒരു സിം കാർഡ് വോയ്സ് കോളുകൾക്കും മറ്റൊന്ന് ഡാറ്റയ്ക്കുമായി ഉപയോഗിക്കുന്നവർക്കും വലിയ ആശ്വാസമാകും. കാരണം ഇനി അവർക്ക് ആവശ്യമില്ലാത്ത ഡാറ്റയ്ക്ക് പണം നൽകേണ്ടി വരില്ല. ഇന്റർനെറ്റ് സൗകര്യം പരിമിതമായ പ്രദേശങ്ങളിലോ അല്ലെങ്കിൽ ഇന്റർനെറ്റ് അധികം ഉപയോഗിക്കാത്ത പ്രായമായവർക്കും ഇത്തരം റീചാർജ് പ്ലാനുകളാണ് നല്ലതെന്നാണ് ട്രായ് നടത്തിയ സർവേ വ്യക്തമാക്കുന്നത്. വോയ്സ് കോളുകൾക്കും എസ്‌എംഎസുകൾക്കും മാത്രമായുള്ള പ്രത്യേക റീചാർജ് പ്ലാനുകൾക്ക് പരമാവധി 365 ദിവസം വരെ വാലിഡിറ്റി ഉണ്ടായിരിക്കും അതോടൊപ്പം ടോപ്പപ്പിനായി പത്തു രൂപയുടെ ഗുണിതങ്ങൾ വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.