സൗജന്യം ഇനി ഇല്ല; സേവനങ്ങള്‍ക്ക് ഫീസ് ഇടാക്കാൻ ഗൂഗിള്‍ പേ

 


ന്യൂഡല്‍ഹി: പണമിടപാടുകള്‍ക്ക് ഫീസ് ഈടാക്കാൻ തീരുമാനിച്ച്‌ ഗൂഗിള്‍ പേ. ബില്‍ പേയ്‌മെന്റുകള്‍ക്ക് കണ്‍വീനിയൻസ് ഫീ എന്ന നിലയാണ് ചാർജ് ഈടാക്കുന്നത്.

നേരത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ യുപിഐ പ്ലാറ്റ് ഫോം ആയ ഫോണ്‍ പേ കണ്‍വീനിയൻസ് ഫീസ് ഇടാക്കി തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിള്‍ പേയും സമാന രീതിയില്‍ ഫീസ് ഈടാക്കുന്നത്.

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിച്ചുള്ള യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റുകള്‍ക്കാണ് ഗൂഗിള്‍ പേയില്‍ ഫീസ് ഉള്ളത്. വൈദ്യുതി ബില്‍, വാട്ടർ ബില്‍, പാചകവാതക ബില്‍ എന്നിവ അടയ്ക്കുമ്പോള്‍ അധിക തുക ഇനി മുതല്‍ നല്‍കേണ്ടിവരും. 0.50 ശതമാനം മുതല്‍ ഒരു ശതമാനം വരെയാണ് ഫീസ് ഈടാക്കുക. ഇതിനൊപ്പം തന്നെ ജിഎസ്ടിയും നല്‍കേണ്ടതായി വരും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്‌മെന്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിന് കമ്പനികള്‍ക്ക് ചിലവ് ഉണ്ട്. ഇത് നികത്താൻ ഈ ഫീസ് സഹായിക്കും എന്നാണ് കരുതുന്നത്. മൊബൈല്‍ റീചാർജുകള്‍ക്ക് ഗൂഗിള്‍ പേ മൂന്ന് രൂപ കണ്‍വീനിയൻസ് ഫീസായി നേരത്തെ തന്നെ ഈടാക്കാൻ ആരംഭിച്ചിരുന്നു.

അതേ സമയം യുപിഐ ഇടപാടിന് മാത്രം ആണ് കണ്‍വീനിയൻസ് ഫീസ് നല്‍കേണ്ടി വരുക. നേരിട്ടുള്ള ഇടപാടിന് ഇത ബാധകമാകില്ല. ഇന്ന് കോടിക്കണക്കിന് ആളുകള്‍ ആണ് ഗൂഗിള്‍ പേ ഉപയോഗിക്കുന്നത്. നമ്മുടെ രാജ്യത്ത് വിപണി വിഹിതത്തില്‍ രണ്ടാം സ്ഥാനമാണ് ഗൂഗിള്‍ പേയ്ക്ക് ഉള്ളത്.

Previous Post Next Post