നീണ്ട കാത്തിരിപ്പിനൊടുവിൽ ബിഎസ്എൻഎൽ 5Gയിലേക്ക് മാറാൻ തയ്യാറെടുക്കുന്നു. തങ്ങളുടെ 5G അടിസ്ഥാന സൗകര്യങ്ങൾ ബിഎസ്എൻഎൽ പരീക്ഷിച്ചുതുടങ്ങി. ജയ്‌പൂർ, ലഖ്നൗ, കൊൽക്കത്ത, ഭോപ്പാൽ, ചണ്ഡീഗഡ്, പട്ന, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലാണ് 5G ടവറുകൾ സ്ഥാപിച്ച് ബിഎസ്എൻഎൽ പരീക്ഷണം നടത്തുന്നത്.
അടുത്ത മൂന്ന് മാസത്തിനുള്ളിൽത്തന്നെ രാജ്യത്തെ മിക്ക നഗരങ്ങളിലും 5G എത്തിക്കാനാണ് ബിഎസ്എൻഎൽ പദ്ധതി. ഇതിനായി തങ്ങൾക്ക് മികച്ച കവറേജും, ഉപയോക്താക്കളുമുള്ള നഗരങ്ങളിലാണ് ആദ്യ ഘട്ട പരീക്ഷണം നടക്കുന്നത്. നേരത്തെ, ഡൽഹിയിലായിരിക്കും ആദ്യ 5G നെറ്റ്‌വർക്ക് വരികയെന്ന് ബിഎസ്എൻഎൽ എംഡി റോബർട്ട് ജി രവി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി തിരഞ്ഞടുക്കപ്പെട്ട സർക്കിളുകളിൽ സൗജന്യമായി 4ജി സിം അപ്ഗ്രേഡുകളും കമ്പനി നൽകുന്നുണ്ട്.
ഈ വർഷം ജൂൺ മുതൽക്ക് രാജ്യത്തെമ്പാടും 4G സർവീസുകൾ നൽകാനുള്ള തയ്യാറെടുപ്പുകളിലാണ് ബിഎസ്എൻഎൽ. തുടർന്ന് ഒരു മാസത്തിനുള്ളിൽ അത് 5G ആക്കാനാണ് പദ്ധതി. ഇതിനകം തന്നെ 83,000 4G സൈറ്റുകൾ കമ്പനി സ്ഥാപിച്ചുകഴിഞ്ഞു. അവയിൽ 75000 സൈറ്റുകൾ ഇപ്പോൾത്തന്നെ പ്രവർത്തനക്ഷമമാണ്. നിരവധി തടസങ്ങൾക്ക് ശേഷമാണ് ബിഎസ്എൻഎൽ തങ്ങളുടെ 4G നെറ്റ്‌വർക്ക് യാഥാർഥ്യമാകുന്നത്.
നിലവിൽ സ്വന്തമായി 4ജി ടെക്‌നോളജിയുളള അഞ്ച് ലോകരാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ചൈന, സൗത്ത് കൊറിയ, ഫിൻലൻഡ്, സ്വീഡൻ തുടങ്ങിയവയാണ് മറ്റ് രാജ്യങ്ങൾ. 5ജി കണക്ഷന് കൂടി തുടക്കമിടുന്നതോടെ ഇന്ത്യയുടെ സ്വന്തം ബിഎസ്എൻഎൽ ലോക നെറുകയിൽ തന്നെ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.