യുപിഐ പേയ്മെന്റ് ചെയ്യുന്നവരാണോ ? ഇന്ന് മുതൽ വമ്പൻ മാറ്റങ്ങൾ വന്നു, ഇനി വ്യാപാരികൾക്ക് പരിധി 10 ലക്ഷം രൂപയാക്കി

 


രാജ്യത്തെ യുപിഐ ഇടപാടുകള്‍ക്ക് ഇന്ന് മുതല്‍ കൂടുതല്‍ മാറ്റങ്ങള്‍. വ്യാപാരികൾക്കുള്ള പ്രതിദിന പേയ്‌മെന്റ് പരിധി 10 ലക്ഷം രൂപയായി ഉയർത്തി. ഇൻഷൂറൻസ് അടക്കം തെരഞ്ഞെടുക്കപ്പെട്ട സെക്ടറുകളിൽ മാത്രമാണ് മാറ്റങ്ങൾ. ക്രെ‍ഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഒരു ദിവസത്തെ പരിധി 6 ലക്ഷമാക്കിയതായും നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) അറിയിച്ചു. ഇന്ന് പുതിയ പരിധി പ്രാബല്യത്തിൽ വന്നു. ഉയർന്ന തുകയുടെ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളുടെ പരിധി ഒരു ലക്ഷം രൂപയായി തുടരും.പുതിയ മാറ്റം ബാധകമാകുന്ന മേഖലകൾപുതിയ മാറ്റം ഇൻഷുറൻസ്, ഓഹരി വിപണി, യാത്ര, ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾ, ലോൺ, ഇ.എം.ഐ തിരിച്ചടവുകൾ തുടങ്ങിയ മേഖലകളിലെ ഉയർന്ന തുകയുടെ ഇടപാടുകൾക്ക് സഹായകമാകും. ഓഹരി വിപണിയിലെ നിക്ഷേപങ്ങൾക്കും ഇൻഷുറൻസ് പേയ്‌മെന്റുകൾക്കുമുള്ള ഒരു ഇടപാടിന്റെ പരിധി 2 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. സർക്കാർ ഇ-മാർക്കറ്റ് പ്ലേസ് വഴി നികുതി പേയ്‌മെന്റുകൾ നടത്താനുള്ള പരിധി 1 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയായും ഉയർത്തിയിട്ടുണ്ട്.കൂടാതെ, യാത്ര ബുക്കിംഗിനുള്ള ഒരു ഇടപാടിന്റെ പരിധി 1 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയാക്കിയും ആഭരണങ്ങൾ വാങ്ങാനുള്ള പരിധി 1 ലക്ഷത്തിൽ നിന്ന് 2 ലക്ഷം രൂപയായും വർദ്ധിപ്പിച്ചു. അതേസമയം, ബാങ്കിംഗ് സേവനങ്ങളായ ടേം ഡെപ്പോസിറ്റുകൾ ഡിജിറ്റലായി തുറക്കുന്നതിനുള്ള ഇടപാട് പരിധി 2 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി. വെരിഫൈഡ് വ്യാപാരികൾക്ക് മാത്രമേ പുതിയ പരിധി ബാധകമാകൂ എന്നും എൻ.പി.സി.ഐ അറിയിച്ചു

Previous Post Next Post