നിങ്ങൾ അയക്കുന്ന മെസേജുകളെല്ലാം വാട്സ്ആപ്പ് കാണുന്നുണ്ട്'; വാട്സ്ആപ്പിനെതിരെ ഗുരുതര ആരോപണവുമായി മസ്ക്

 


വാട്സ്ആപ്പിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഇലോൺ മസ്ക് രംഗത്ത്. ഉപയോക്താക്കൾ അയക്കുന്ന മെസേജുകൾ വാട്സ്ആപ്പിന് കാണാമെന്നാണ് മസ്ക് ആരോപിക്കുന്നത്. വാട്സ്ആപ്പ് ഇവ നിരീക്ഷിക്കുന്നതിനാലാണ് അതിനനുസരിച്ച പരസ്യങ്ങളും മറ്റും യൂസർമാരുടെ ഫീഡിൽ വരുന്നതെന്നും മസ്ക് പറയുന്നു. വാട്സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യതക്ക് യാതൊരു വിലയും നൽകുന്നില്ല, ഗുരുതരമായ സുരക്ഷാ വീഴ്ചയാണിതെന്നുമാണ് മസ്ക് ആരോപിക്കുന്നത്.

അതോടൊപ്പം തന്നെ മസ്കിന്‍റെ പുതിയ മെസേജിങ് ആപ്പിന്‍റെ ലോഞ്ചിനെക്കുറിച്ചും മസ്ക് പ്രഖ്യാപിച്ചു. കുറച്ചു മാസങ്ങൾക്കുള്ളിൽ ലോഞ്ച് ഉണ്ടാകുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്. 'എക്സ് ചാറ്റ്' എന്ന മസ്കിന്‍റെ മെസേജിങ് ആപ്പ് വാട്സ്ആപ്പിന് വലിയ വെല്ലുവിളിയാകുമെന്നാണ് മസ്ക് അഭിപ്രായപ്പെടുന്നത്.

ബിറ്റ്‌കോയിന്‍റെ സമാനമായ പീർ ടു പീർ സിസ്റ്റത്തിന് സമാനമായാണ് ഇവ പ്രവർത്തിക്കുന്നത്. എല്ലാ സ്മാർട്ടഫോണുളിലും 'എക്സ് ചാറ്റ്'ലഭ്യമായിരിക്കും. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. ഉയർന്ന സ്വകാര്യത ആപ്പ് വാഗ്ദാനം ചെയ്യുന്നു. സുരക്ഷയെ അപകടത്തിലാക്കുന്ന മൂന്നാം കക്ഷി ഇടപെടലില്ലാതെ ഉപയോക്താക്കൾക്ക് നേരിട്ടുള്ള സന്ദേശമയക്കൽ, ഫയൽ പങ്കിടൽ, ഓഡിയോ/വിഡിയോ കോളുകൾ എന്നിവയിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും. പൂർണമായും സുരക്ഷിതമായിരിക്കും ഈ ആപ്പെന്നും ഇലോൺ മസ്‌ക് അഭിപ്രായപ്പെടുന്നു. ഉപഭോക്താക്കൾക്ക് പരസ്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടേണ്ടി വരില്ലെന്നും മസ്ക് കൂട്ടിച്ചേർത്തു.

എന്നാൽ മെറ്റാ പ്ലാറ്റ്‌ഫോമുകളും വാട്ട്‌സ്ആപ്പും ഉപയോക്തൃ സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്ന് മെറ്റ സ്ഥിരമായി വാദിക്കുന്നുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി നിരന്തരം പുതിയ അപ്ഡേഷനുകൾ വാട്സ്ആപ്പ് സ്വികരിക്കുന്നുണ്ട്.

എന്നാൽ മസ്കിന്‍റെ ആരോപണങ്ങളെ പൂർണമായും ടെക് ലോകം വിശ്വസിച്ചിട്ടില്ല. മസ്ക് തന്‍റെ പുതിയ ആപ്പിനെ പ്രമോട്ട് ചെയ്യുന്നതിന് വേണ്ടിയാണ് വാട്സ്ആപ്പിനെതിരെ ആക്ഷേപങ്ങൾ ഉയർത്തുന്നതെന്ന വിമർശനവും ഉയർന്നു വരുന്നുണ്ട്. ഇതിനു മുമ്പും വാട്സ്ആപ്പിനും മെറ്റക്കും എതിരെ മസ്ക് ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

Previous Post Next Post