ആന്‍ഡ്രോയ്ഡ് സ്മാർട്ട് ഫോണുകൾക്ക് വീണ്ടും ഭീഷണിയായി ഫ്ലൂബോട്ട് മാല്‍വെയറുകള്‍ ( Flubot malware). ടെലികോം ഓപ്പറേറ്റര്‍ അയക്കുന്ന പോലുള്ള എസ്എംഎസ് രൂപത്തിലായിരിക്കും ഈ മാല്‍വെയര്‍ നിങ്ങളുടെ ഫോണില്‍ എത്തുക. മറ്റൊരു വ്യക്തി നിങ്ങൾക്ക് അയച്ച വോയിസ് മെയിലുകള്‍ കേള്‍ക്കാന്‍ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്ന രീതിയിലായിരിക്കും ഈ എസ്എംഎസ് ലഭിക്കുക. അത്തരം ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിൽ ഫ്ലൂബോട്ട് മാല്‍വെയർ ഇൻഫെക്ട് ചെയ്യും. ഇത് കൂടാതെ നിങ്ങളുടെ ഫോണിൽ വൈറസ് ബാധിച്ചുവെന്നും ഡാറ്റ ചോരുന്നുവെന്നും വൈറസിനെതിരെ ഒഴിവാക്കാൻ ഒരു ലിങ്കിൽ ക്ലിക്കുചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെട്ടും സന്ദേശങ്ങൾ വരാം , എന്നാൽ ഇതും യഥാർത്ഥത്തിൽ ഉപകരണങ്ങളിൽ മാല്‍വെയർ ഇൻസ്റ്റാൾ ചെയ്യാനാണ്.
ഫ്ലൂബോട്ട് മാല്‍വെയർ വഴി നിങ്ങളുടെ ബാങ്കിങ് ആപ്പ് യൂസർനെയിമുകൾ , പാസ്വേര്‍ഡുകള്‍, ഫോണിലെ എസ എം എസ് സന്ദേശങ്ങൾ എന്നിവ മറ്റൊരിടത്തുനിന്നും ഫോൺ ഉപയോഗിക്കുന്ന യൂസർ അറിയാതെ തന്നെ സൈബർ ക്രിമിനലുകൾക്ക് മനസിലാക്കാന്‍ സാധിക്കും. ഫ്ലൂബോട്ട് മാല്‍വെയർ ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാനും അല്പം ബുദ്ധിമുട്ടാണ്.
ഇത് സംബന്ധിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയത് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ട്രെന്‍റ് മൈക്രോയാണ്. ഇതിന് പിന്നാലെ ന്യൂസിലാന്‍റിലെ സര്‍ക്കാര്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ സിഇആര്‍ടി ന്യൂസിലാന്‍റ് (CERT NZ) മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഫ്ലൂബോട്ടില്‍ നിന്നും രക്ഷനേടാന്‍ ജാഗ്രത പാലിക്കാന്‍ ഇവരുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.
We’ve broken down some details on the FluBot text scam currently infecting Android phones. Please share this with your friends and family and help us stop the spread. https://t.co/zoz8G9o8i0
— CERT NZ (@CERTNZ) October 1, 2021
ഇത്തരം ഫ്ലൂബോട്ട് ഫോണില്‍ ബാധിച്ചുവെന്ന് സംശയം ഉണ്ടെങ്കില്‍ ആവശ്യമായ ഡാറ്റകള്‍ ബാക്ക് അപ് ചെയ്ത് ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യണം എന്നാണ് ന്യൂസിലാന്‍റിലെ സര്‍ക്കാര്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ സിഇആര്‍ടി ന്യൂസിലാന്‍റ് ജാഗ്രത സന്ദേശത്തില്‍ പറയുന്നത്.
തുടക്കത്തിൽ ആന്‍ഡ്രോയ്ഡ് അപ്ഡേറ്റ് സന്ദേശം പോപ്പ് അപ്പായി നല്‍കി, അതില്‍ ഫോണ്‍ ഉപയോഗിക്കുന്നയാളെ ക്ലിക്ക് ചെയ്യിച്ച് ഈ മാല്‍വെയര്‍ പൂര്‍ണ്ണക്ഷമതയില്‍ എത്തും എന്നാണ് സെക്യൂരിറ്റി സ്ഥാപനമായ ട്രെന്‍റ് മൈക്രോ പറയുന്നത്. ഇത് ഫ്ലൂബോട്ടിന്‍റെ പുതിയ രീതിയാണെന്നും ഇവര്‍ പറയുന്നു.