ആപ്പിൾ കമ്പനി കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ലോഞ്ച് ചെയ്ത കിടിലൻ ഉൽപന്നമാണ് ആപ്പിൾ എയർടാഗ് (AirTag). കാറിന്റെ താക്കോൽ, പേഴ്സുകൾ, ബാഗുകൾ എന്നീവയിൽ ഉപയോഗിക്കാൻ പറ്റുന്ന കീചെയിൻ പോലുള്ള ഒരു ഉപകരണമാണിത്. ഇതു ഘടിപ്പിച്ച വസ്തുക്കൾ ആപ്പിൾ ഫോൺ ഉപയോഗിച്ച് ലൊക്കേറ്റ് ചെയ്യാം എന്നതാണ് ഇതിന്റെ മേന്മ!! വില $ 29 മുതൽ. ഇന്ത്യയിൽ ₹ 2500 മുതൽ ₹ 11000 വരെ വിലയിൽ വിവിധ മോഡലുകൾ ലഭ്യമാണ്.
ഇതിന്റെ ദുരുപയോഗത്തെ പറ്റിയാണ് കാനഡ പൊലീസ് മുന്നറിയിപ്പ് നൽകിയത്. കാനഡയിൽ ഈയിടെ നടന്ന ആഡംബര കാർ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് കൊണ്ട് വന്നത്.
മോഷ്ടിക്കപെട്ട ആഡംബര കാറുകളിൽ മോഷ്ടാക്കൾ ആപ്പിൾ എയർടാഗ് രഹസ്യമായി ഘടിപ്പിച്ച്, സഞ്ചാര പാത ട്രാക്ക് ചെയ്തു. സൗകര്യപ്രദമായ സമയവും സാഹചര്യവും നോക്കി മോഷ്ടിക്കുകയാണ് രീതി.
കാനഡയിലെ യോർക്ക് പ്രദേശത്ത് തന്നെ ഇത്തരത്തിൽ അഞ്ചിലേറെ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് പോലീസ് അറിയിപ്പ്!.