2020 ജൂൺ മാസത്തിൽ ഫയൽ ചെയ്ത കേസിൽ, ആല്‍ഫബെറ്റ് ( Alphabet ) കമ്പനിയുടെ മേധാവി ( CEO ) സുന്ദര്‍ പിച്ചൈയെ ( Sundar Pichai ) ചോദ്യം ചെയ്യുന്നതിന് നിയമ തടസമില്ലെന്ന് കലിഫോര്‍ണിയയിലെ അമേരിക്കന്‍ മജിസ്‌ട്രേറ്റ് ജഡ്ജി സൂസന്‍ വാന്‍ കൗലന്‍ (Susan van Keulen) ഉത്തരവിട്ടു. രണ്ട് മണിക്കൂർ വരെ ചോദ്യം ചെയ്യാനാണ് കോടതി അനുവദിച്ചത്.
ഗൂഗിളിന്റെ ക്രോം ബ്രൗസറില്‍ ഇന്‍കോഗ്നിറ്റോ ( Incognito ) മോഡ് ഉപയോഗിച്ചവരെ പോലും കമ്പനി ട്രാക്കു ചെയ്തുവെന്ന ആരോപണത്തിലായിരിക്കും പിച്ചൈയെ ചോദ്യം ചെയ്യുക. അതേസമയം, ഇന്‍കോഗ്നിറ്റോ മോഡില്‍ ട്രാക്കു ചെയ്യില്ലെന്ന് തങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന നിലപാടാണ് ഗൂഗിള്‍ ആദ്യം മുതല്‍ സ്വീകരിച്ചു പോന്നത്.
ക്രോം ബ്രൗസറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും സ്വകാര്യത സംബന്ധിച്ച ആശങ്കകളെക്കുറിച്ചും സുന്ദർ പിച്ചൈക്ക് "അതുല്യവും വ്യക്തിഗതവുമായ അറിവ്" ഉണ്ടെന്നാണ് കേസിലെ വാദികൾ പറയുന്നത്.
" ഈ കേസ് അനാവശ്യവും അതിരുകടന്നതുമാണ്, ഈ കേസിലെ ക്ലെയിമുകളിൽ ഞങ്ങൾ ശക്തമായി എതിർവാദം ഉന്നയിക്കുമ്പോൾ പോലും, വാദികളുടെ എണ്ണമറ്റ അഭ്യർത്ഥനകളുമായി ഞങ്ങൾ സഹകരിച്ചിട്ടുണ്ട് . ഞങ്ങൾ ശക്തമായി സ്വയം പ്രതിരോധിക്കുന്നത് തുടരും," ഈ കേസിനെ പറ്റി ഗൂഗിൾ വക്താവ് ജോസ് കാസ്റ്റനേഡ ( Jose Castaneda ) ഇങ്ങനെയാണ് പറഞ്ഞത്.