ഓൺലൈൻ ഗെയിമായ ഫ്രീ ഫയറിലൂടെ പെൺകുട്ടിയെ ചതിക്കാൻ നോക്കിയവനെ സൈബർ ക്രൈം വിഭാഗം പിടികൂടി!!

അമ്മയുടെ കണ്ണുവെട്ടിച്ച് അവൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ഫ്രീ ഫയർ ഗെയിമിൽ മുഴുകി. രാത്രിയും പകലുമെന്നില്ലാതെ അവൾ ഗെയിം കളിക്കുന്നത് തുടർന്നു. ഇക്കാര്യം വീട്ടിലെ മറ്റ് അംഗങ്ങൾക്കൊന്നും അറിയുമായിരുന്നില്ല. 


ഒരു ദിവസം അമ്മ പുറത്തു പോയ സമയത്ത് അവൾ ഫ്രീ ഫയർ ഗെയിമിൽ കളി തുടങ്ങി. പെട്ടെന്ന് ഒരു മെസേജ് വന്നു. 


ഹായ്... എന്നു തുടങ്ങിയ സന്ദശത്തിൽ അവൾക്ക് ഒരു സുഹൃത്തിനെ ലഭിച്ചു.  നല്ല കൂട്ടുകാനാണെന്നു കരുതി അവർ പരസ്പരം ചാറ്റ് ചെയ്തു. കാണാമറയത്തിരുന്ന് അയാൾ കുട്ടിയുടെ വിവരങ്ങളും ഫോട്ടോയും വാങ്ങിച്ചെടുത്തു. അത് തന്റെ ജീവിതത്തിൽ വലിയൊരു പ്രശ്നമാകുമെന്ന് അവൾ അവൾ ഒരിക്കലും ചിന്തിച്ചില്ല.


ഗെയിമിനിടയിൽ ചാറ്റിങ്ങും അവൾ തുടർന്നു. അങ്ങിനെയിരിക്കെ ഒരു വീഡിയോകോൾ വന്നു. വീഡിയോകോൾ അറ്റൻറു ചെയ്യാതിരുന്ന അവൾക്ക് അപ്പോൾതന്നെ ഒരു മെസേജ് വരികയുണ്ടായി.


മെസേജ് തുറന്നപ്പോൾ അവൾ ഞെട്ടി. പൂർണ്ണ നഗ്നമായ തന്റെ ശരീരം. അവൾ ആകെ തകർന്നു. താൻ ആർക്കും ഇത്തരം ഫോട്ടോ ഒരിക്കലും അയച്ചു കൊടുത്തിട്ടില്ല. ആരുടേയോ ഫോട്ടോയിൽ തന്റെ തല വെട്ടിവച്ചതാണെന്ന സത്യം അവൾക്കു മനസ്സിലായി. പക്ഷേ തന്റെ മാതാപിതാക്കൾ ഉൾപ്പെടെ ആരും വിശ്വസിക്കണമെന്നില്ല. അവൾ ആരോടും പറയാതെ വീർപ്പുമുട്ടി. അതിനിടയിലാണ് വീണ്ടും ഒരു പുതിയ മെസേജ് എത്തിയത്.


വീഡിയോകോൾ അറ്റൻറു ചെയ്തില്ലെങ്കിൽ ഈ ഫോട്ടോ സോഷ്യൽ മീഡിയകളിൽ കൂടി പ്രചരിപ്പിക്കും.  അവന്റെ ഭീഷണി കൂടിയായപ്പോൾ അവൾ ജീവിതം തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചു.


പിന്നീട് അവൾ ഒരു തീരുമാനത്തിലെത്തി. ഒരു തെറ്റും ചെയ്യാത്ത ഞാനെന്തിന് ജീവിതം അവസാനിപ്പിക്കണം. ആരോടെങ്കിലും തുറന്നു പറയണം. ഇതിന്റെ പിറകിൽ ആരാണെന്ന്  കണ്ടെത്തുകതന്നെ വേണം. ഇനിയാരും ഇത്തരം കെണികളിൽ വീഴരുത്. അവൾ ഉറച്ച തീരുമാനമെടുത്ത് ധൈര്യപൂർവ്വം അമ്മയോട് എല്ലാം തുറന്നു പറഞ്ഞു.


വിവരങ്ങളെല്ലാം അറിഞ്ഞ അമ്മ ആദ്യം ഏറെ വിഷമിച്ചെങ്കിലും മകളുടെ ഇച്ഛാശക്തിയും ആത്മവിശ്വാസവും കണ്ട് കൂടുതൽ ധൈര്യം വീണ്ടെടുത്ത് മകളോടൊപ്പം തൃശ്ശൂർ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.


സോഷ്യൽ മീഡിയകൾ വഴി നിരവധി മോർഫിങ്ങ് തട്ടിപ്പുകൾ നടക്കുന്നുണ്ടെങ്കിലും ഗെയിമിലൂടെ പരിചയപ്പെട്ട് ഇത്തരത്തിലൊരു തട്ടിപ്പ് അപൂർവ്വമാണെന്ന് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് അവർക്കു മനസ്സിലായത്. 


വീട്ടുകാരില്ലാത്ത സമയത്തുമാത്രം പെൺകുട്ടിയെ വീഡിയോ കോളിന് ക്ഷണിച്ച്, അപകടത്തിൽ പെടുത്താനുള്ള അവന്റെ തന്ത്രവും പിടിക്കപ്പെടാതിരിക്കുവാനുള്ള  അയാളുടെ നീക്കങ്ങളും തൃശൂർ സിറ്റി സൈബർ ക്രൈം വിഭാഗം കണ്ടെത്തി. മികച്ച അന്വേഷണത്തിലൂടെ അയാളറിയാതെ മുഴുവൻ വിവരങ്ങളും പോലീസ് കണ്ടെത്തി. 


ദിവസങ്ങളോളമെടുത്ത നീരീക്ഷണത്തിന്റെ ഫലമായി കണ്ണൂർ ചെറുപുഴ തേക്കിൻകാട്ടിൽ അഖിലിനെ (27) തൃശ്ശൂർ സിറ്റി പോലീസ് സൈബർ വിഭാഗം അറസ്റ്റ് ചെയ്തു.


പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഫ്രീ ഫയർ ഗെയിമിലൂടെ പരിചയപ്പെട്ട് സൌഹൃദം സ്ഥാപിച്ച്, ഫോട്ടോകൾ കൈക്കലാക്കുകയും ഫോട്ടോ മോർഫ് ചെയ്ത് നഗ്നഫോട്ടോയാക്കി വീഡിയോ കോളിന് ക്ഷണിക്കുകയും, പിന്നീട് മറ്റ് ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുകയുമാണ് ഇത്തരത്തിലുള്ള കുറ്റവാളികളുടെ രീതി. ഇയാൾ വെർച്വൽ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് കൃത്രിമ വാട്സ് ആപ്പ് എക്കൌണ്ടുകൾ സൃഷ്ടിച്ചിരുന്നതായും ഇതുപയോഗിച്ച് മറ്റ് പെൺകുട്ടികളുമായും ബന്ധപ്പെട്ടിരുന്നയായും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ കൈക്കലാക്കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 


തൃശ്ശൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എ. അഷറഫ്, SI സന്തോഷ്, ASI ഫൈസൽ, CPO മാരായ വിനോദ് ശങ്കർ, അനൂപ്, അനീഷ്, വിഷ്ണുകുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ചതിയിൽ കൂടുതൽ പെൺകുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 


ഓൺലൈൻ ഗെയിം കളിക്കുമ്പോൾ ജാഗ്രത പാലിക്കുക. അപരിചിതരുമായി ബന്ധം സ്ഥാപിക്കരുത്. അസ്വാഭാവികമായ എന്തെങ്കിലും സംഭവം ശ്രദ്ധയിൽപെട്ടാൽ ഉടൻ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക.


കടപ്പാട്: കേരളാ പൊലീസ്

Previous Post Next Post