27 വർഷങ്ങൾക്ക് ശേഷം മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ്‌ എക്സ്പ്ലോറർ യുഗത്തിന് അവസാനം. ഐ.ഇ ഇനി ജൂൺ 15 വരെ മാത്രം.

 


നീണ്ട 27 വർഷങ്ങൾക്ക്  ശേഷം മൈക്രോസോഫ്റ്റ് എക്സ്പ്ലോറർ യുഗത്തിന് അവസാനം.  മൈക്രോസോഫ്‌റ്റിന്റെ  ആദ്യ വെബ്‌ ബ്രൗസര്‍ അപ്ലിക്കേഷനായ   ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോറര്‍ (IE ) ഇനി ജൂൺ 15 വരെ മാത്രം.  മൈക്രോസോഫ്‌റ്റ്‌ വിന്‍ഡോസ്‌10 ഓപ്പറേറ്റിങ്‌ സിസ്‌റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഐ.ഇ. അടുത്ത ചൊവ്വാഴ്‌ച മുതല്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ വിന്‍ഡോസിന്റെ പഴയ പതിപ്പുകളില്‍ തുടരും.

1990-കളിലും 2000-ന്റെ തുടക്കത്തിലും വീട്ടിലും സ്‌കൂളുകളിലും ഓഫീസുകളിലും കമ്പ്യൂട്ടറുകൾ ഉപയോഗിച്ചിരുന്നവർക്ക് ഇന്റർനെറ്റ് എക്‌സ്‌പ്ലോററിന്റെ നല്ല ഓർമ്മകൾ ഉണ്ടാകും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക്, ബ്രൗസർ വേൾഡ് വൈഡ് വെബിലേക്കുള്ള ആദ്യ വിന്‍ഡോ ആയിരുന്നു ഇന്റർനെറ്റ് എക്‌സ്‌പ്ലോറര്‍.

നമുക്കെല്ലാവർക്കും പരിചിതമായ ഇന്നത്തെ ജനപ്രിയ ബ്രൗസറുകൾ ആക്‌സസ് ചെയ്യാനുള്ള ഒരു മാർഗ്ഗം കൂടിയായിരുന്നു അത്.  2020 ഓഗസ്‌റ്റിലാണ്‌ ഐ.ഇക്കുള്ള സപ്പോര്‍ട്ട്‌ അവസാനിപ്പിക്കുന്നതായി മൈക്രോസോഫ്‌റ്റ്‌ കോര്‍പറേഷന്‍ അറിയിച്ചത്‌. മൈക്രോസോഫ്‌റ്റിന്റെ തന്നെ എഡ്‌ജ്‌ (Microsoft Edge) ബ്രൗസറിനെയാണു പകരമായി നിര്‍ദേശിച്ചിട്ടുള്ളത്‌.

 
 1995ല്‍ വിൻഡോസ് 95ന് ഒപ്പമാണ് വെബ് ബ്രൌസറായ ഇന്റർനെറ്റ് എക്സ്പ്ലോറർ പ്ലസ് എന്ന ആഡ്-ഓൺ പാക്കേജിന്റെ ഭാഗമായി പുറത്തിറക്കിയത്.

ഒരുകാലത്ത്‌ നെറ്റ്‌സ്‌കേപ്‌ നാവിഗേറ്ററായിരുന്നു (Netscape Navigator) ഏറ്റവും പ്രചാരമുള്ള ബ്രൗസര്‍. ഐ.ഇയെ മൈക്രോസോഫ്‌റ്റ്‌ രംഗത്തിറങ്ങിയതോടെ  ഐ.ഇ. ഒന്നാം നമ്പര്‍ ബ്രൗസറായി ഉയര്‍ന്നു. നെറ്റ്‌സ്‌കേപ്പ്‌ നാവിഗേറ്റര്‍ അതോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പിന്നീട്‌ മോസില്ല ഫയര്‍ഫോക്‌സ്‌, ഓപ്പറ എന്നിവ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഐ.ഇ. പിടിച്ചുനിന്നു. എന്നാല്‍, ഗൂഗിള്‍ ക്രോം രംഗത്തെത്തിയതോടെ ഐ.ഇ. ആധിപത്യത്തിനു വെല്ലുവിളി ഉയര്‍ന്നു. 2012 പാതിയായപ്പോള്‍ ഇരു ബ്രൗസറുകളും ഒപ്പത്തിനൊപ്പമായി. പീന്നീട്‌ ക്രോമായി പ്രധാന ബ്രൗസര്‍.  ഐ.ഇയില്‍ പല പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നെങ്കിലും പ്രയോജനമുണ്ടായില്ല. 2015ല്‍  ക്രോമിയം പ്രോജക്ട് അടിസ്‌ഥാനമാക്കിയുള്ള എഡ്‌ജ്‌ ബ്രൗസര്‍ പുറത്തിറക്കിയാണു മൈക്രോസോഫ്‌റ്റ്‌ നില ഭദ്രമാക്കിയത്‌. ബ്രൗസര്‍ മത്സരത്തില്‍ ഗൂഗിള്‍ ക്രോമിനു പിന്നില്‍ രണ്ടാം സ്‌ഥാനത്തെത്താനും എഡ്‌ജിനു കഴിഞ്ഞു. Windows 10-ലെ ഇന്റർനെറ്റ് എക്സ്പ്ലോററിന്റെ ഭാവി മൈക്രോസോഫ്റ്റ് എഡ്ജിലാണെന്ന് മൈക്രോസോഫ്റ്റ് എഡ്ജ് പ്രോഗ്രാം മാനേജർ സീൻ ലിൻഡർസെ പറഞ്ഞു.

"ഇന്റർനെറ്റ് എക്‌സ്‌പ്ലോററിനേക്കാൾ വേഗതയേറിയതും സുരക്ഷിതവും ആധുനികവുമായ ബ്രൗസിംഗ് അനുഭവമാണ് മൈക്രോസോഫ്റ്റ് എഡ്ജ് എന്ന് മാത്രമല്ല, വളരെ പഴയ ചില വെബ്‌സൈറ്റുകളും പഴയ വെബ് സാങ്കേതികവിദ്യയിൽ നിർമ്മിച്ച വെബ്‌സൈറ്റുകൾക്കും ആപ്ലിക്കേഷനുകൾക്കുമുള്ള അനുയോജ്യത (compatibility ) പരിഹരിക്കാനും ഇതിന് കഴിയും," അദ്ദേഹം പറഞ്ഞു.  ഐ.ഇ. ഉപഭോക്താക്കൾക്ക് എഡ്‌ജ്‌ ബ്രൗസര്‍ ഐ.ഇ. മോഡില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

ടെക് ഭീമൻ മൈക്രോസോഫ്ട് കഴിഞ്ഞ ഏതാനും വർഷങ്ങളായി പഴയ ബ്രൗസറുകളെ ഘട്ടംഘട്ടമായി അവസാനിപ്പിച്ച് വരികയായിരുന്നു. എന്നാൽ ഈ സമയത്താണ് ഇന്റർനെറ്റ് എക്സ്പ്ലോറർ ഏകദേശം 8% ആളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി തിരിച്ചറിഞ്ഞത്. പക്ഷെ 2021 ല്‍ എത്തി നില്‍ക്കുമ്പോള്‍ എക്സ്പ്ലോറർ ഉപയോഗിക്കുന്നവരുടെ എണ്ണം 0.38 ശതമാനം മാത്രമാണ്.


Previous Post Next Post