രോഗിയായ കുഞ്ഞിൻ്റെ ഫോട്ടോ, ഡോക്ടർക്ക് അയച്ചു കൊടുത്ത പിതാവിനു 'ഗൂഗിൾ നിർമിതബുദ്ധി' (AI) കൊടുത്തത് 'മുട്ടൻ പണി'!!


  


സ്വന്തം കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ അണുബാധയുള്ളതായി കണ്ടതിനെ തുടര്‍ന്ന് ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തി, ഡോക്ടർക്ക് അയച്ചു കൊടുത്ത പിതാവിനാണ് ഗൂഗിൾ നിർമിത ബുദ്ധി (Artificial Intelligence Algorithm) മുട്ടൻ പണി കൊടുത്തത്.


വാർത്ത വൈറലായത് ഇപ്പോഴാണെങ്കിലും

സംഭവം നടന്നത് സാന്‍ഫ്രാന്‍സിസ്‌കോയില്‍,

കോവിഡ് വ്യാപനം കാരണം പുറത്തിറങ്ങാന്‍ നിയന്ത്രണമുള്ള 2021 ഫെബ്രുവരിയിലാണ് മാർക്ക് എന്ന് പേരുള്ളയാൾക്ക് ഈ ദുരനുഭവമുണ്ടായത്.

 

സംഭവമിതാണ്:

അണുബാധ കണ്ടയുടന്‍ അത്യാഹിതവിഭാഗത്തിലെ നേഴ്‌സിനെ വിളിച്ചപ്പോൾ. അവരാണ് രോഗബാധയുടെ ചിത്രമെടുത്ത് ഡോക്ടര്‍ക്ക് അയക്കാന്‍ നിര്‍ദേശിച്ചത്. ഉടന്‍തന്നെ മാര്‍ക്കിന്റെ ഫോണില്‍ ഭാര്യ, മകന്റെ ജനനേന്ദ്രിയ ഭാഗത്തെ അണുബാധ വ്യക്തമാകുംവിധം അടുത്തു നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തി ഡോക്ടര്‍ക്ക് അയച്ചു.


അണുബാധയുള്ള ഭാഗം കൃത്യമായി കാണുംവിധം ക്യാമറയ്ക്കു നേരെ കുട്ടിയെ പിടിച്ച മാര്‍ക്കിന്റെ കയ്യും ചിത്രത്തിലുണ്ടായിരുന്നു. അയച്ചുകൊടുത്ത ചിത്രം പരിശോധിച്ച് ഡോക്ടര്‍ മരുന്നുകള്‍ കുറിച്ചുനല്‍കുകയും ചെയ്തു. 


ഗൂഗിൾ കൊടുത്ത പണി:


വർഷങ്ങളായി ഫോണിലും ഗൂഗിള്‍ അക്കൗണ്ടിലുമായി ശേഖരിച്ചുവെച്ച കോണ്‍ടാക്റ്റുകള്‍, ഇമെയിലുകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം മാര്‍ക്കിന് ലഭ്യമല്ലാതായി. പോലീസ് അന്വേഷണം നേരിട്ടു. സമൂഹത്തില്‍ അപമാനിക്കപെട്ടു.


എന്താണ് ഗൂഗിൾ അൽഗോരിതം:

ചൈല്‍ഡ് പോണ്‍ ഉള്ളടക്കങ്ങളും മറ്റ് നിയമവിരുദ്ധ ഉള്ളടക്കങ്ങളും തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ ശേഖരിക്കപ്പെടാതിരിക്കാനും കൈമാറ്റം ചെയ്യപ്പെടാതിരിക്കാനും കമ്പനികള്‍ തുടർച്ചയായി ഡേറ്റ പരിശോധിക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് പരിശോധനകള്‍.


മാര്‍ക്ക് പകര്‍ത്തിയ ചിത്രം കുട്ടികളോടുള്ള ലൈംഗിക ചൂഷണത്തിന് തെളിവായി ഗൂഗിളിന്റെ അല്‍ഗൊരിതം തിരിച്ചറിഞ്ഞതാണ് ഈ പ്രശ്‌നത്തിനെല്ലാം ഇടയായത്. 


ഗൂഗിളിനെ കാര്യമായി ആശ്രയിച്ചിരുന്ന മാര്‍ക്ക്, തന്റെ ഫോണ്‍ ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്നു. ഗൂഗിള്‍

കലണ്ടര്‍, ഫോട്ടോസ് എന്നിവയിലേക്കെല്ലാം ഫോണിലെ ഉള്ളടക്കങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ബാക്ക് അപ്പ് ചെയ്യപ്പെട്ടു. കുഞ്ഞിന്റെ ചിത്രം പകര്‍ത്തി രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗൂഗിളിന്റെ സേവന വ്യവസ്ഥകള്‍ ലംഘിക്കുന്ന കുറ്റകരമായ ഉള്ളടത്തെ തുടര്‍ന്ന് തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായ അറിയിപ്പ് മാര്‍ക്കിന് ലഭിച്ചത്.


മാനസിക വിഷമം നേരിട്ട മാര്‍ക്കിന് പിന്നീട് കാരണം മനസ്സിലായി. ഡോക്ടറെ കാണിക്കാന്‍ എടുത്ത കുഞ്ഞിന്റെ ചിത്രം ചൈല്‍ഡ് പോണ്‍ ആയി ഗൂഗിള്‍ കരുതിയിട്ടുണ്ടാവാം. പിന്നീട് യാഥാര്‍ത്ഥ്യം അറിയിച്ച് ഗൂഗിളിന് സന്ദേശം അയച്ചെങ്കിലും അക്കൗണ്ട് പുനസ്ഥാപിക്കാനാവില്ലെന്ന് ഗൂഗിള്‍ അറിയിച്ചു. അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന് പുറമെ ഗൂഗിളിന്റെ റിവ്യൂ ടീം മാര്‍ക്ക് പകര്‍ത്തിയ ദൃശ്യങ്ങള്‍ സാന്‍ഫ്രാന്‍സിസ്‌കോ പോലീസിനും കൈമാറിയിരുന്നു. അവര്‍ അന്വേഷണം തുടങ്ങുകയും ചെയ്തു.


ഇതേ  അനുഭവം മറ്റ് പലര്‍ക്കും ഉണ്ടായിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു ( https://www.nytimes.com/2022/08/21/technology/google-surveillance-toddler-photo.html )

ഫോണിലെ ഉള്ളടക്കം ഗൂഗിള്‍ ഫോട്ടോസിലേക്ക് ബാക്ക് അപ്പ് ചെയ്യപ്പെട്ടതോടെയാണ് അത് ഗൂഗിളിന്റെ പരിശോധനയ്ക്ക് വിധേയമായത്. എല്ലാ ചിത്രങ്ങളും കുട്ടികളെ ചൂഷണം ചെയ്യുന്നതാണെന്നും പോണോഗ്രഫിയാണെന്നും പറയാനാവില്ല. അത്തരം ചില സാഹചര്യങ്ങള്‍ ഗൂഗിളിന്റെ അല്‍ഗൊരിതം പരിശീലിച്ചിട്ടുണ്ടെങ്കിലും മാര്‍ക്ക് പകര്‍ത്തിയ ചിത്രത്തിന്റെ പ്രത്യേകതകൊണ്ടു മാത്രമാണ് ഗൂഗിള്‍ അത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയത്.


അതേസമയം, അന്വേഷണത്തില്‍ മാര്‍ക്ക് നിരപരാധിയാണെന്ന് തെളിഞ്ഞാലും ഗൂഗിള്‍ അക്കൗണ്ട് തിരികെ നല്‍കാന്‍ സാധ്യതയില്ല. എന്നാല്‍ നഷ്ടപ്പെട്ട തന്റെ അക്കൗണ്ടിലെ ഡാറ്റ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാര്‍ക്ക്. പോലീസിന്റെ പക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച തന്റെ ഗൂഗിള്‍ അക്കൗണ്ട് ഡാറ്റയുടെ പകര്‍പ്പ് ലഭിക്കുന്നതിനുള്ള ശ്രമവും അദ്ദേഹം നടത്തുന്നുണ്ട്.


Previous Post Next Post