അയോഗ്യരായ വിദ്യാർത്ഥികൾക്ക് കാനഡയിലെ കോളേജുകളിൽ പഠിക്കാനായി ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റത്തിൽ (ഐ.ഇ.എൽ.ടി.എസ്)
അനധികൃതമായി ഉയർന്ന മാർക്ക് നൽകുന്നതായി ആരോപണം.
ഇതിൻ്റെ പിന്നിലുള്ള റാക്കറ്റുകളെ കണ്ടുപിടിക്കാനായി ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അമേരിക്കൻ അതോറിറ്റികളുടെ ആവശ്യപ്രകാരമാണ് മെഹ്‌സാന ജില്ലയിലെ പൊലീസ് അന്വേഷണമാരംഭിച്ചത്.
കഴിഞ്ഞ വർഷം സെപ്തംബറിൽ നടത്തിയ ഐ.ഇ.എൽ.ടി.എസ് പരീക്ഷയിൽ ഹാളിലെ സി.സി.ടി.വികൾ ഓഫാക്കിയത് ഏജൻസികളുടെ ഭാഗത്തുനിന്നുള്ള പിഴയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നുവെന്ന് മെഹ്‌സേന പൊലീസിന്റെ സ്‌പെഷ്യൽ ഓപറേഷൻസ് ഗ്രൂപ്( എസ്.ഒ.ജി) ഇൻസ്‌പെക്ടർ ഭവേഷ് റാത്തോട് പറഞ്ഞു.
കൃത്രിമം കണ്ടുപിടിച്ചത് ഇങ്ങനെ!!
2022 മാർച്ചിൽ കാനഡയിൽനിന്നും യു.എസിലേക്ക് കടക്കാനുള്ള അനധികൃത ശ്രമത്തിനിടെ ആറ് ഗുജറാത്തി യുവാക്കളെ അതിർത്തിയിൽവെച്ച് അധികൃതർ അറസ്റ്റ് ചെയ്തിരുന്നു.
'19-20 വയസുള്ള ഗുജറാത്തി യുവാക്കളെ കനേഡിയൻ അതിർത്തിക്കടുത്തുള്ള സെയിന്റ് റെജിസ് പുഴയിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ബോട്ടിൽനിന്നാണ് പിടികൂടിയത്. ഇതിൽ നാല് പേർ മെഹ്‌സാന ജില്ലയിൽ നിന്നുള്ളവർ ആണ്. ബാക്കി രണ്ടുപേർ ഗാന്ധിനഗറിൽനിന്നും പടാനിൽ നിന്നുമുള്ളവരുമാണ്.' റാത്തോഡ് പറഞ്ഞു.
ഇവരെ കോടതിയിൽ ഹാജരാക്കിയപ്പോൾ ജഡ്ജിയുടെ ചോദ്യങ്ങൾക്ക് ഇംഗ്ലീഷിൽ ഉത്തരം പറയുന്നതിൽ പരാജയപ്പെട്ടിരുന്നു. പിന്നീട് ഒരു ഹിന്ദി പരിഭാഷകന്റെ സഹായത്തോടെയാണ് കോടതിയിൽ സംസാരിച്ചത്.
ഇംഗ്ലീഷ് പ്രൊഫിഷ്യൻസി ടെസ്റ്റായ ഐ.ഇ.എൽ.ടി.എസിൽ ഇവർ 6.5 മുതൽ 7 വരെ ബാൻഡുകൾ നേടിയത് കോടതിയെ അത്ഭുതപ്പെടുത്തിയിരുന്നുവെന്ന് റാത്തോഡ് പറഞ്ഞു.
ഈ സംഭവത്തെകുറിച്ചുള്ള വാർത്താ റിപ്പോർട്ടിനെ തുടർന്ന് മുംബൈയിലെ യു.എസ് ജനറലിന്റെ ക്രിമിനൽ തട്ടിപ്പ് അന്വേഷണ വിഭാഗം മെഹ്‌സാന പൊലീസിന് മെയിൽ അയച്ചിരുന്നു. മെഹ്‌സാനയിൽ നിന്നുള്ള ഈ വിദ്യാർത്ഥികൾക്ക് എങ്ങനെ ഇത്രയധികം മാർക്ക് ലഭിച്ചുവെന്നും, ഏത് ഏജൻസിയാണ് ഇതിന് പിന്നിലെന്നും കണ്ടെത്താൻ ആവശ്യപ്പെട്ടുകൊണ്ടുള്ള മെയിൽ ആയിരുന്ന് അത്.