രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും 5ജി സേവനങ്ങള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ വരും മാസങ്ങളില്‍ത്തന്നെ ബി.എസ്.എന്‍.എല്‍ 5ജിയും എത്തുമെന്നാണ് വിവരങ്ങള്‍.അഞ്ചുമുതല്‍ ഏഴുമാസത്തിനകം ബി.എസ്.എന്‍.എല്‍ 5ജി ലഭ്യമാകുമെന്നാണ് കേന്ദ്ര ടെലികോം-റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നത്. ബി.എസ്.എന്‍.എല്ലിന് രാജ്യത്തൊട്ടാകെയായി ഉള്ള 1.35 ലക്ഷം ടവറുകളിലൂടെ ഇത് സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൂടാതെ ടെലികോം വികസന ഫണ്ട് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു. 500 കോടിയില്‍ നിന്നും 4000 കോടിയായി ഉയര്‍ത്താനുള്ള ആലോചനയാണ് നടക്കുന്നത്. 4ജിയില്‍ പിന്നിലായത് പോലെ 5ജി സേവനങ്ങളുടെ കാര്യത്തില്‍ ബി.എസ്.എന്‍.എല്‍ പിന്നിലാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.എയര്‍ടെല്ലും ജിയോയും 5ജി ലഭ്യമാക്കുന്നതിലെ മത്സരം തുടരുകയാണ്. 5ജി സേവനങ്ങള്‍ വിപുലീകരിക്കുന്നതില്‍ ജിയോ മറ്റ് സേവനദാതാക്കളെ അപേക്ഷിച്ച് ഒരുപടി മുന്നിലാണ്. ഈയടുത്ത് ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങളിലും പരീക്ഷണ ഘട്ടത്തില്‍ 5ജി സേവനം ജിയോ ലഭ്യമാക്കിയിരുന്നു. 2023 അവസാനത്തോടെ 5ജി സേവനങ്ങള്‍ രാജ്യമൊട്ടാകെ എത്തിക്കാനുള്ള ശ്രമത്തിലാണ് എയര്‍ടെല്ലും ജിയോയും.