യു.എ.ഇയുടെ ചാന്ദ്രദൗത്യമായ റാശിദ് ലൂണാർ റോവർ കുതിച്ചുയർന്നു. ഞായറാഴ്ച യു.എ.ഇ സമയം രാവിലെ 11.38ന് യു.എസിലെ ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 40ൽ നിന്നാണ് അറബ് ലോകത്തിന്‍റെ പ്രതീക്ഷകളും പേറി റാശിദ് റോവർ കുതിച്ചുയർന്നത്.
നവംബര് രണ്ടാം വാരം പദ്ധതിയിട്ടിരുന്ന റാശിദ് റോവറിന്റെ വിക്ഷേപണം കാലാവസ്ഥ പ്രശ്നം കാരണം നാലു തവണ മാറ്റിവെച്ച ശേഷമാണ് ഞായറാഴ്ച രാവിലെ വിക്ഷേപിച്ചത്.
ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്ററിലെ എൻജിനീയർമാരാണ് അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യമായ റാശിദ് റോവർ നിർമിച്ചത്. വിക്ഷേപണത്തിന്‍റെ തത്സമയ വിവരങ്ങൾ അറിയാൻ യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്ററിൽ എത്തിയിരുന്നു.
دولة الإمارات أطلقت اليوم المستكشف راشد بهدف الهبوط على سطح القمر.. لتكون الرابعة عالمياً والأولى عربياً التي تهبط على سطح القمر في حال تكللت المهمة بالنجاح بإذن الله وتوفيقه.. pic.twitter.com/my6vAPJptx
— HH Sheikh Mohammed (@HHShkMohd) December 11, 2022
ചന്ദ്രോപരിതലത്തിൽനിന്ന് ലഭ്യമാക്കുന്ന വയർലെസ് കമ്യൂണിക്കേഷൻ സേവനങ്ങളിലൂടെയാണ് ഇമാറാത്തി എൻജിനീയർമാർ റോവറുമായി ബന്ധപ്പെടുക. ഒപ്പം ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനും റോവർ ലക്ഷ്യമിടുന്നുണ്ട്.
2023 ഏപ്രിലോടെയാണ് ദൗത്യം പൂർത്തിയാക്കി റോവർ ചന്ദ്രനിലെത്തുക. പേടകം നേരിട്ടു ചന്ദ്രനെ സമീപിക്കുന്നതിനു പകരം കുറഞ്ഞ ഊര്‍ജ പാതയിലൂടെ സഞ്ചരിക്കുന്നതിനാലാണിത്. അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം. ഐ സ്‌പേസ് നിർമിച്ച 'ഹകുട്ടോ-ആർ മിഷൻ-1' എന്ന ജാപ്പനീസ് ലാൻഡറിലാണ് 'റാശിദി'ന്‍റെ കുതിപ്പ്. ചന്ദ്രന്റെ വടക്കു കിഴക്കു ഭാഗത്തായുള്ള മാരെ ഫ്രിഗോറിസ് സൈറ്റിലെ അറ്റ്ലസ് ഗർത്തത്തിൽ ഇറങ്ങുകയാണ് ലക്ഷ്യം.
10 കിലോഗ്രാം വരുന്ന റോവറില്‍ രണ്ട് ഹൈ റെസല്യൂഷന്‍ക്യാമറകള്‍, ഒരു മൈക്രോസ്‌കോപ്പിക് ക്യാമറ, ഒരു തെര്‍മല്‍ ഇമേജറി ക്യാമറ, ഒരു പ്രോബ് എന്നിവയ്ക്കു പുറമെ മറ്റ് ഉപകരണങ്ങളുമുണ്ട്.
ലാൻഡറും അനുബന്ധ പേലോഡുകളും ജർമ്മനിയിൽ നിന്ന് വിക്ഷേപണ സ്ഥലത്ത് എത്തിച്ച് ബന്ധിപ്പിക്കുകയായിരുന്നു . ഒരു ചാന്ദ്ര ദിനം അതായത് 14 ഭൗമദിനം ചന്ദ്രനിൽ തങ്ങുന്ന റാഷിദ് റോവർ മണ്ണ്, ശിലാരൂപീകരണ ശാസ്ത്രം, പ്രകൃതി, പൊടിപടലങ്ങളുടെ ചലനം, ചന്ദ്രോപരിതലത്തിലെ പ്ലാസ്മയുടെ അവസ്ഥ, ഫോട്ടോ ഇലക്ട്രോൺ കവചം എന്നിവ പഠനവിധേയമാക്കി ചിത്രങ്ങളും ഡേറ്റയും ഭൂമിയിലേക്കു കൈമാറും.