കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ ഫീച്ചറുകൾ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തിൽ കമ്മ്യൂണിറ്റിക്കായി പുതിയ ഫീച്ചർ വാട്സ്ആപ്പ് വികസിപ്പിച്ച് വരികയാണെന്നാണ് റിപ്പോർട്ടുകൾ. കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റിൽ ഇവൻ്റുകളും പരിപാടികളും പിൻ ചെയ്ത് വെയ്ക്കാൻ കഴിയുന്ന സെക്ഷൻ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്ആപ്പ്.ആപ്പിൻ്റെ പുതിയ അപ്ഡേറ്റായി ഇത് അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
വരാനിരിക്കുന്ന ഇവന്റുകൾ ഓട്ടോമാറ്റിക്കായി പിൻ ചെയ്തു വെയ്ക്കുന്ന തരത്തിലാണ് ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. കമ്മ്യൂണിറ്റി ഇൻഫോ സ്ക്രീനിൽ മുകളിലായാണ് ഇത് തെളിയുക.ഏത് സമയത്തും കമ്മ്യൂണിറ്റി മെമ്പർ ക്രിയേറ്റ് ചെയ്യുന്ന പുതിയ ഇവൻ്റുകൾ ഓട്ടോ മാറ്റിക്കായി പുതിയ സെക്ഷനിൽ വരുന്ന തരത്തിലാണ് ക്രമീകരണം. പുതിയ ഇവൻ്റുകളെ കുറിച്ച് മറ്റു മെമ്പർമാർക്ക് എളുപ്പം അറിയാൻ സാധിക്കുന്നവിധമാണ് ക്രമീകരണം.
മെമ്പർമാർ മറന്നുപോകുന്ന സാഹചര്യം ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ഈ ഫീച്ചർ. നിലവിൽ ഇവന്റുകൾ നടക്കുന്ന സമയം അറിയണമെങ്കിൽ കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റിൽ സെർച്ച് ചെയ്യണം. എന്നാൽ പുതിയ സെക്ഷൻ വരുന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവാകും. ഷെഡ്യൂൾ ചെയ്ത് ഇവന്റുകൾ അടക്കം പിൻ ചെയ്ത് വെയ്ക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ.