ഇനി ഐഎഫ്എസ്‌സി കോഡുകളോ അക്കൗണ്ട് നമ്പറുകളോ ഇല്ലാതെയും ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യാം. ഫെബ്രുവരി ഒന്നു മുതൽ പുതിയ നിയമങ്ങൾ.
ഫെബ്രുവരി ഒന്നു മുതൽ പണം കൈമാറ്റം കൂടുതൽ എളുപ്പമാകും. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യുന്നതിന് അക്കൗണ്ട് നമ്പറുകളോ ഐഎഫ്എസ്‌സി കോഡുകളോ പോലും ആവശ്യമില്ല. എളുപ്പത്തിൽ അഞ്ചു ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന പുതിയ നീക്കവുമായി നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.
പുതിയ ഐഎംപിഎസ് നിയമ പ്രകാരം, ഉപയോക്താക്കൾക്ക് സ്വീകർത്താവിൻ്റെ മൊബൈൽ നമ്പറും അവരുടെ ബാങ്കിൻ്റെ പേരും മാത്രമേ ആവശ്യമുള്ളൂ. ഈ വിവരങ്ങൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ ഇടപാട് നടത്താൻ കഴിയും. നിലവിൽ ഗൂഗിൾപേയിലൂടെ നടത്തുന്നതിന് സമാനമായ ഇടപാടുകൾ വ്യാപകമാകും. ഗുണഭോക്താവിൻ്റെ കൂടുതൽ വിവരങ്ങൾ നൽകുമ്പോൾ ഉണ്ടാകാൻ ഇടയുള്ള പിശകുകൾ കുറയുമെന്നാണ് സൂചന.
അപ്‌ഡേറ്റ് ചെയ്‌ത സംവിധാനം ഉപയോക്തൃ-സൗഹൃദമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 2023 ഒക്ടോബർ 31-ലെ എൻപിസിഐ സർക്കുലർ പ്രകാരം, ജനുവരി 31-നു ശേഷം ഈ മാറ്റങ്ങൾ വ്യപാകമായി നടപ്പാക്കിയേക്കും. പണം കൈമാറ്റം 24 മണിക്കൂറും സാധ്യമായതിനാൽ ഐഎംപിഎസ് ഫണ്ട് ട്രാൻസ്ഫർ എളുപ്പമാണ്. ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വലിയ പരിവർത്തനം കൊണ്ടുവരാൻ ഈ നീക്കം സഹായകരമായേക്കും.ഐഎംപിഎസ് ഫീച്ചർ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾ ചെയ്യേണ്ടത് എന്തൊക്കെ?
1: മൊബൈൽ ബാങ്കിംഗ് ആപ്പ് തെരഞ്ഞെടുക്കുക.
2: 'ഫണ്ട് ട്രാൻസ്ഫർ' വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
3: ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിനായി 'ഐഎംപിഎസ്' തിരഞ്ഞെടുക്കുക.
4: സ്വീകർത്താവിൻ്റെ മൊബൈൽ നമ്പർ നൽകുക, തുടർന്ന് ഗുണഭോക്താവിൻ്റെ ബാങ്കിൻെറ പേര് തിരഞ്ഞെടുക്കുക. ഏതെങ്കിലും ഒരു അക്കൗണ്ട് നമ്പറോ ഐഎഫ്എസ്‌സിയോ നൽകേണ്ട ആവശ്യമില്ല.
5: 5 ലക്ഷം രൂപയ്ക്കുള്ളിൽ ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുന്ന തുക നൽകുക.
6: ആവശ്യമായ വിശദാംശങ്ങൾ നൽകിയ ശേഷം, 'സ്ഥിരീകരിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
7:ഫോണിൽ ഒടിപി ലഭിച്ചതിന് ശേഷം ഇടപാട് പൂർത്തീകരിക്കുക.