നായ്ക്കൾ എന്താണ് നമ്മോട് പറയുന്നത്? മനസ്സിലാക്കാൻ പുതിയ എഐ സംവിധാനം!!


ലോകത്ത് മനുഷ്യനോട് ഏറെ സ്നേഹം സൂക്ഷിക്കുന്ന മൃഗങ്ങളാണ് നായ്ക്കൾ. അരുമമൃഗങ്ങളായും സഹായികളായും കാവൽക്കാരായുമൊക്കെ നായ്ക്കൾ എത്രയോ കാലമായി നമുക്കൊപ്പം ഉണ്ട്. വിവിധ രീതികളിൽ കുരയ്ക്കുന്ന നായ്ക്കൾ എന്താണ് നമ്മോട് പറയാൻ ശ്രമിക്കുന്നത്. നായ്ക്കളുടെ കുരയും ശബ്‌ദങ്ങളും മനസ്സിലാക്കി അവർ നമ്മോട് ആശയവിനിമയം നടത്താൻ ശ്രമിക്കുന്നത് എന്തെന്നു തിരിച്ചറിയാൻ പണ്ടേ ശ്രമങ്ങളുണ്ടായിരുന്നു. ഡോഗ് വിസ്പ‌റേഴ്സ് എന്നാണ് ഇതു ചെയ്യുന്ന ആളുകളെ പറയുന്നത്.

ഇപ്പോഴിതാ എഐ സംവിധാനങ്ങളുപയോഗിച്ച് നായയുടെ ശബ്ദം വിലയിരുത്തി അവരുടെ ആശയവിനിമയം മനസ്സിലാക്കിയിരിക്കുകയാണ് ശാസ്ത്രജ്‌ഞർ. നായ്ക്കളുടെ കുര, മുരൾച്ച, മോങ്ങൽ തുടങ്ങി വിവിധ ശബ്ദങ്ങൾ ഇവർ റെക്കോർഡ് ചെയ്തു. 74 നായ്ക്കളെയാണ് ഇതിനായി ഇവർ പരീക്ഷണത്തിന് വിധേയരാക്കിയത്. അവരുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങൾ കാണുന്നതു മുതൽ നായ്ക്കളുടെ ഉടമകൾ ആക്രമണങ്ങൾക്ക് വിധേയരാകുന്ന സാഹചര്യത്തിൽ വരെ നായ്ക്കൾ എങ്ങനെയാണ് പ്രതികരിക്കുകയെന്ന് എഐ ഉപയോഗിച്ച് ശാസ്ത്രജ്‌ഞർ മനസ്സിലാക്കി.

നായകളുടെ ശബ്‌ദം വിലയിരുത്തി ഇവ ഏതുതരം നായ്ക്കളാണെന്നു മനസ്സിലാക്കാനും ഈ സോഫ്റ്റ്വെയറിനു സാധിച്ചു. ഇതിൽ നിന്ന് 14 തരം നായ സംസാര രീതികൾ ശാസ്ത്രജ്‌ഞർ മനസ്സിലാക്കി. സന്തോഷം വരുമ്പോഴും , സങ്കടം വരുമ്പോഴും ദേഷ്യം വരുമ്പോഴുമൊക്കെയുള്ള നായ്ക്കളുടെ ശബ്‌ദങ്ങൾ ഇതിലുണ്ട്

നോൺ ഹ്യൂമൻ കമ്യൂണിക്കേഷൻ അഥവാ മനുഷ്യേതര സംഭാഷണം മനസ്സിലാക്കാൻ എഐ എങ്ങനെ സഹായകമായേക്കാമെന്നതിന്റെ ഒരു നേർചിത്രമാണ് ഈ പഠനം. ഭാവിയിൽ നായകൾ മാത്രമല്ല കൂടുതൽ ജീവികളുടെ ശബ്‌ദങ്ങളും ഇതുവഴി മനസ്സിലാക്കാമെന്ന് ഗവേഷകർ കണക്കുകൂട്ടുന്നു. അങ്ങനെ സംഭവിച്ചാൽ വലിയൊരു മുന്നേറ്റമാകും നടപ്പാകുക. ഭൂമിയിലെ മറ്റു മൃഗങ്ങൾ എന്താണോ നമ്മോട് പറയാൻ ശ്രമിക്കുന്നതെന്ന കാര്യം നമുക്ക് മനസ്സിലാക്കാനുള്ള അവസരം അവിടെ ഒരുങ്ങും.
Previous Post Next Post