മൊബൈൽ സേവന തടസം? ഇനി നഷ്ടപരിഹാരം ലഭിക്കും! ട്രായ് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു


ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മൊബൈല്‍ സേവനങ്ങൾ സംബന്ധിച്ച പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി. ഈ മാനദണ്ഡങ്ങൾ പ്രകാരം ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ സേവനങ്ങളിൽ തടസം നേരിടുമ്പോൾ നഷ്ടപരിഹാരം ആവശ്യപ്പെടാൻ സാധിക്കും. 


ജില്ലാ തലത്തിൽ 24 മണിക്കൂറിലധികം മൊബൈൽ സേവനങ്ങൾ തടസപ്പെടുകയാണെങ്കിൽ, ഉപഭോക്താക്കളോട് കമ്ബനികൾ നഷ്ടപരിഹാരം നൽകേണ്ടിവരും. സേവന ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാതിരുന്നത് മൂലമുള്ള പിഴ 50,000 രൂപയിൽ നിന്ന് 1,00,000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. ലംഘനത്തിന്റെ ഗുരുത്വം അനുസരിച്ച്‌ 1 ലക്ഷം മുതൽ 10 ലക്ഷം വരെ പിഴ ചുമത്തും. സെല്ലുലാർ, ബ്രോഡ്ബാൻഡ്, വയർലെസ് തുടങ്ങിയ സേവനങ്ങൾക്ക് നേരത്തെ നിലവിലുണ്ടായിരുന്ന വ്യത്യസ്ത ചട്ടങ്ങൾക്കു പകരമാണ് ഈ പുതിയ ചട്ടങ്ങൾ കൊണ്ടുവന്നത്.


പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ

2024 ഒക്ടോബർ ഒന്നിന് ശേഷം, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് സേവന തടസ്സം നേരിട്ടാൽ, അവരെ ബാധിച്ച ദിവസത്തെ വാടകത്തുക അടുത്ത ബില്ലിൽ ഇളവ് ചെയ്യപ്പെടും. പ്രീപെയ്ഡ് ഉപഭോക്താക്കൾക്കു 2025 ഏപ്രിൽ മുതലാണ് ഇത് ലഭ്യമാവുക. 12 മണിക്കൂറിൽ കൂടുതൽ സേവനം നഷ്ടപ്പെട്ടാൽ, ഒരു ദിവസത്തെ അധിക വാലിഡിറ്റി അവരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും. ഒരാഴ്ചയ്ക്കുള്ളിൽ ഈ നഷ്ടപരിഹാരം നൽകണം.


റിപ്പോർട്ടിംഗ് മാനദണ്ഡങ്ങൾ

ചില ജില്ലകളിലോ സംസ്ഥാനങ്ങളിലോ 4 മണിക്കൂറിലധികം സേവനം തടസപ്പെട്ടാൽ, കമ്ബനികൾ ട്രായ് അധികൃതരെ അറിയിക്കണം. തടസമുണ്ടായ ജില്ലയിൽ രജിസ്റ്റർ ചെയ്ത നമ്പറുകൾക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ഫിക്‌സഡ് ലൈൻ സേവനദാതാക്കളും സേവനം തടസപ്പെടുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. എന്നാൽ, പ്രകൃതി ദുരന്തങ്ങളെ തുടർന്ന് സേവനം തടസപ്പെട്ടാൽ നഷ്ടപരിഹാരം നൽകേണ്ടതില്ല. പുതിയ നിയമങ്ങൾ 6 മാസത്തിനുള്ളിൽ പ്രാബല്യത്തിലാകും.


ബ്രോഡ്ബാൻഡ് സേവനങ്ങൾ

ബ്രോഡ്ബാൻഡ് കണക്ഷനുകൾ നിശ്ചിത കാലയളവിനുള്ളിൽ ഉപഭോക്താവിന് ലഭ്യമാക്കണമെന്ന് പുതിയ നിയമത്തിൽ പറയുന്നു. ഉപഭോക്താവിൽ നിന്ന് പണം സ്വീകരിച്ചതിന് ശേഷം 7 ദിവസത്തിനുള്ളിൽ കമ്ബനികൾ ബ്രോഡ്ബാൻഡ് കണക്ഷൻ പ്രദാനം ചെയ്യണം. 2ജി, 3ജി, 4ജി, 5ജി കവറേജ് ലഭ്യമായ സ്ഥലങ്ങൾ ജിയോ സ്‌പേഷ്യൽ മാപ്പുകളിലൂടെ കമ്ബനികൾ പ്രദർശിപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇതുവഴി ഉപഭോക്താക്കൾ മികച്ച സേവന ദാതാവിനെ കണ്ടെത്തി കണക്ഷൻ തിരഞ്ഞെടുക്കാനാകും.

Previous Post Next Post