യു.പി.ഐ ഇടപാടുകളിൽ പുതിയ മാറ്റങ്ങൾ: പാസ്‌കോഡ്‌ ഇല്ലാതെ പണം അയക്കാം!


യു.പി.ഐ ഇടപാടുകളിൽ പാസ്‌കോഡ്‌ പിന്‍ നമ്പറുകൾ ഇല്ലാതാക്കാൻ നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. പണമിടപാട് നടത്തുമ്പോഴുള്ള നിലവിലെ പിന്‍ നമ്പർ സിസ്റ്റം മാറ്റി, അതിന് പകരം പുതിയ സംവിധാനം അവതരിപ്പിക്കാനാണ് എൻ.പി.സി.ഐയുടെ പദ്ധതി.


റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം, എൻ.സി.പി.ഐ. പുതിയ സംവിധാനത്തിന്റെ രൂപകൽപ്പനയിൽ ഇടപെടുന്നു. ഇനി പാസ്‌കോഡ് അല്ലാതെ ബയോമെട്രിക് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്‌ യു.പി.ഐ. ഇടപാടുകൾ സാധ്യമാക്കാമോ എന്ന് പരിശോധിക്കുകയാണ്. ഇതിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുന്നു.


ഇപ്പോൾ പണമിടപാട് ചെയ്യുമ്പോൾ നാലോ അല്ലെങ്കിൽ ആറോ അക്കങ്ങളുള്ള പിന്‍ നമ്പർ നൽകേണ്ടതുണ്ട്. എന്നാൽ, പുതിയ സംവിധാനത്തിൽ ആൻഡ്രോയിഡ്, ഐ.ഒ.എസ് ഉപകരണങ്ങളിലെ വിരലടയാളം, ഫെയ്സ് ഐഡി പോലുള്ള ബയോമെട്രിക് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്‌ പണമിടപാടുകൾ സാധ്യമാക്കാനാണ് ശ്രമം.


ആദ്യഘട്ടത്തിൽ പിന്‍ നമ്പർ സംവിധാനവും ബയോമെട്രിക് സാങ്കേതിക വിദ്യയും ഒരുമിച്ച്‌ ഉപയോഗിക്കാം. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള രീതിയെ തിരഞ്ഞെടുക്കാനാവും പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഇതിലൂടെ യു.പി.ഐ ഇടപാടുകളുടെ സുരക്ഷ മെച്ചപ്പെടുത്തുകയാണ് റിസർവ് ബാങ്കിന്റെയും എൻ.പി.സി.ഐയുടെയും പ്രധാന ലക്ഷ്യം.

Previous Post Next Post