കേരള സർക്കിൾ സിജിഎംബി സുനിൽകുമാർ നടത്തിയ വാർത്താസമ്മേളനത്തിൽ ബിഎസ്എൻഎൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. സർവത്ര വൈഫൈ, സ്മാർട്ട് ഹോം പാക്കേജ്, ലാൻഡ്‌ലൈൻ നമ്പർ നിലനിർത്തി എഫ്‌ടിടിഎച്ച് സേവനം എന്നിവയാണ് പ്രധാന പദ്ധതികൾ. ഫൈബർ ടു ദ ഹോം (എഫ്‌ടിടിഎച്ച്) കണക്ഷനുള്ളവർക്ക് സർവത്ര പദ്ധതിയുടെ ഗുണം ലഭിക്കും. ഇന്ത്യയിലെ ഏത് സ്ഥലത്തും എഫ്‌ടിടിഎച്ച് ടവറിൽ നിന്ന് വൈഫൈ ലഭ്യമാകും.
സ്വകാര്യ ടെലികോം ഓപറേറ്റർമാർ നിരക്ക് ഉയർത്തിയതോടെ ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ എണ്ണം വർധിച്ചു. ജൂലൈയിൽ മാത്രം 1.35 ലക്ഷം പുതിയ ഉപഭോക്താക്കൾ കേരളത്തിൽ ബിഎസ്എൻഎല്ലിലെത്തി. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പോർട്ട് ചെയ്ത് എത്തിയത് 1.7 ലക്ഷം പേരാണ്. രാജ്യത്ത് ഇക്കാലയളവിൽ 29 ലക്ഷം പേർ പുതിയ വരിക്കാരായി. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തു നിന്നുള്ള വരുമാനം 1859 കോടിയും 63 കോടി രൂപയുടെ ലാഭവും നേടി.
സംസ്ഥാനത്തെ 7000 മൊബൈൽ ടവറുകളിൽ 2500 എണ്ണം 4ജിയിലേക്ക് മാറ്റി. ചെറിയ മാറ്റം വരുത്തിയാൽ 5ജിയിലേക്ക് മാറാനും സാധിക്കും. വിവിധ വ്യവസായ സ്ഥാപനങ്ങൾക്കായി 5ജി നോൺ പബ്ലിക് നെറ്റ്‌വർക്ക് എന്ന സ്വകാര്യ നെറ്റ്‌വർക്ക് സംവിധാനവും ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ സിസിടിവി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനാകുന്ന സ്മാർട്ട് ഹോം പാക്കേജും ഒടിടി ചാനലുകളുടെ സബ്‌സ്ക്രിപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്.