അംബാനിയുടെ കൈനീട്ടം; ജിയോയില്‍ ഇനി ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് 5ജി, വെറും 601 രൂപയ്ക്ക്.

 


ഇന്ത്യൻ ടെലികോം വ്യവസായ രംഗത്തെ വിപ്ലവകരമായ ചില മാറ്റങ്ങള്‍ക്ക് കാരണഹേതുവായ കമ്പനിയാണ് മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയൻസ് ജിയോ.  നേരത്തെ ജിയോക്ക് മുൻപ് ഇന്ത്യയിലെ ടെലികോം മേഖലയിലെ ചൂഷണങ്ങള്‍ എത്രത്തോളം വലുതായിരുന്നു എന്ന് മനസിലാക്കാൻ റീചാർജ് പ്ലാനുകളിലെ കണക്കുകള്‍ മാത്രം നോക്കിയാല്‍ മതിയാവും. ഡാറ്റയും കോളും ഒക്കെ ഉയർന്ന വിലയില്‍ കുറഞ്ഞ അളവില്‍ മാത്രമാണ് ലഭ്യമായിരുന്നത്.

അവിടേക്കായിരുന്നു ജിയോയുടെ രംഗ പ്രവേശം. വിപണിയില്‍ എത്തിയ ഉടൻ ആദ്യം തന്നെ ഡാറ്റ പ്ലാനുകളില്‍ വിപ്ലവകരമായ ഒരു മാറ്റമാണ് അവർ കൊണ്ട് വന്നത്. ആദ്യഘട്ടത്തില്‍ സൗജന്യമായും പിന്നീട് പതിയെ നിരക്ക് ഉയർത്തിയുമാണ് ജിയോ പടിപടിയായി മുകളിലേക്ക് കയറിയത്. അങ്ങനെയുള്ള ജിയോയെ സംബന്ധിച്ച്‌ ഡാറ്റ പാക്കുകളിലും മാറ്റും സൗജന്യ ഓഫറുകളും ഉയർന്ന പരിധിയും ഒന്നും പുത്തരിയല്ല.

 ഇതേ ജിയോ വീണ്ടും തങ്ങളുടെ ഉപഭോക്താക്കളെ കൈയിലെടുക്കാൻ സമാനമായ ഓഫറുകളുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇത്തവണ സാധാരണ ഓഫറുകളില്‍ നിന്ന് വ്യത്യസ്‌തമായി ഉപഭോക്താക്കള്‍ക്ക് ദീർഘകാല അടിസ്ഥാനത്തിലുള്ള ഗുണങ്ങള്‍ ലഭ്യമാവുന്ന ചില ഓഫറുകളാണ് അവർ മുന്നോട്ട് വച്ചിരിക്കുന്നത്.

ജിയോ 601 റീചാർജ് പ്ലാൻ

തങ്ങളുടെ ഡാറ്റ ഉപയോഗത്തില്‍ കണിശത പാലിക്കുന്ന, കൂടുതല്‍  വേണമെന്ന് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോയുടെ ഈ ഓഫർ വന്നിരിക്കുന്നത്. 601 രൂപ ചിലവില്‍ വർഷം മുഴുവൻ അതിവേഗ ഡാറ്റ ആസ്വദിക്കുക എന്നത് ചില്ലറ കാര്യമല്ല. എന്നാല്‍ ജിയോയെ സംബന്ധിച്ചിടത്തോളം അത് സാധ്യമായ ഒരു കാര്യമാണ് താനും.

ഇതൊരു പ്രമോഷണല്‍ ഓഫർ ആണ്. ജിയോയുടെ പുതിയ 601 രൂപ പ്ലാനില്‍ 12 വ്യക്തിഗത ഡാറ്റ വൗച്ചറുകള്‍ ഉള്‍പ്പെടുന്നു, ഓരോന്നിനും 51 രൂപ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇവയില്‍ ഓരോ വൗച്ചറും ഒരു മാസത്തേക്ക് അണ്‍ലിമിറ്റഡ് 5ജി ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് ഈ വൗച്ചർ ദിവസേന 1.5ജിബി അല്ലെങ്കില്‍ 2ജിബി ഡാറ്റ വാഗ്‌ദാനം ചെയ്യുന്ന അവരുടെ നിലവിലുള്ള പ്ലാനുകളുമായി ചേർത്ത് കൊണ്ട് പോവാൻ കഴിയും.

മൈജിയോ ആപ്പ് വഴിയോ ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഈ വൗച്ചർ നിങ്ങള്‍ക്ക് വാങ്ങാം.ഉപഭോക്താക്കള്‍ ഇവ ഓരോ മാസവും റിഡീം ചെയ്‌ത്‌ എടുക്കേണ്ടതുണ്ട്. ഈ വൗച്ചർ മറ്റൊരാളാക്കി സമ്മാനമായി നല്‍കാൻ കഴിയുമെന്ന പ്രത്യേകത കൂടിയുണ്ട്. 

നിലവില്‍ ബിഎസ്‌എൻഎലിന്റെ കടുത്ത മത്സരം അതിജീവിച്ചു കൊണ്ടാണ് വിപണിയില്‍ ജിയോ അടക്കമുള്ള കമ്പനികള്‍ പ്രവർത്തിക്കുന്നത്. ഏറ്റവും അഫോർഡബിള്‍ നിരക്കുകളില്‍ പൊതുമേഖലാ സ്ഥാപനം റീചാർജ് പ്ലാനുകള്‍ നല്‍കി വരുന്നുണ്ട്. എന്നാല്‍ അവർക്ക് 5ജി സേവനം ലഭ്യമല്ല, അത് മനസിലാക്കി കൊണ്ടാണ് ജിയോ ഈ സെഗ്‌മെന്റില്‍ മുൻകൂട്ടി എറിയുന്നത്.

Previous Post Next Post