ഡിജിറ്റല്‍ സ്വര്‍ണം: എങ്ങനെ സ്മാർട്ട്ഫോണിലൂടെ സുരക്ഷിതമായി സ്വർണം വാങ്ങാം?


സമ്ബാദ്യം എന്ന നിലയില്‍ പലരും സ്വർണം വാങ്ങാറുണ്ട്. എന്നാല്‍, പണിക്കൂലിയും മറ്റു അധിക നിരക്കുകള്‍ ഉള്‍പ്പെടെ ജ്വല്ലറികളില്‍ നിന്നു സ്വർണം വാങ്ങുന്നതിന് ചിലവേറുന്നു.

ഇതിനു പുറമെ ഒരു നല്ല ജ്വല്ലറി തിരഞ്ഞെടുക്കുന്നതും ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് ഡിജിറ്റല്‍ സ്വർണം മികച്ച ബദലാകുന്നത്.


അധിക നിരക്കുകളില്ലാതെ നിലവിലെ വിപണി വിലയില്‍ എളുപ്പത്തില്‍ സ്വർണ്ണം വാങ്ങാം എന്നതാണ് ഡിജിറ്റല്‍ സ്വർണത്തിന്റെ ഏറ്റവും വലിയ സവിശേഷത. കൂടാതെ, ഡിജിറ്റല്‍ സ്വർണ്ണത്തില്‍, പരിശുദ്ധിയെ കുറിച്ചുള്ള ആശങ്കയുണ്ടാകുന്നില്ല. ഇതിനുപുറമേ ഡിജിറ്റല്‍ സ്വർണ്ണം വിപണി വിലയ്ക്ക് വാങ്ങാനോ വില്‍ക്കാനോ സാധിക്കുകയും ചെയ്യുന്നു.


ഡിജിറ്റല്‍ സ്വർണ്ണം എന്താണെന്നും നിങ്ങളുടെ സ്മാർട്ട്ഫോണിലൂടെ എങ്ങനെ വാങ്ങാമെന്നും നോക്കാം.


1 രൂപയ്ക്ക് സ്വർണം വാങ്ങാം

ഒരു രൂപ മുതല്‍ പ്രതിദിനം 2,00,000 രൂപയുടെ സ്വർണം വരെ ഡിജിറ്റല്‍ സ്വർണമായി വാങ്ങാം. ജ്വല്ലറികളില്‍ നിന്നു ഫിസിക്കല്‍ സ്വർണം വാങ്ങുന്നതിനു സമാനമായി വിപണി അനുസരിച്ച്‌ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. എന്നാല്‍ ഡിജിറ്റല്‍ സ്വർണം വാങ്ങുമ്ബോള്‍, അത് സൂക്ഷിക്കുന്നതിനെ കുറിച്ചോ, മോഷ്ടിക്കപ്പെടുമെന്നതിനെ കുറിച്ചോ ആശങ്ക ഉണ്ടാകുന്നില്ല. വില്‍പനക്കാർ ഇതു നിങ്ങള്‍ക്കായി സൂക്ഷിക്കും.


ലിക്വിഡേറ്റ് ചെയ്യാൻ എളുപ്പം

ഫിസിക്കല്‍ സ്വർണവുമായി താരതമ്യപ്പെടുത്തുമ്ബോള്‍, ഡിജിറ്റല്‍ സ്വർണ്ണം ലിക്വിഡേറ്റ് ചെയ്യുന്നത് വളരെ എളുപ്പമാണ്. കൂടാതെ ഇത് യുപിഐ വഴി പണം അയക്കുന്നതുപോലെ ലളിതവുമാണ്. ചില പ്ലാറ്റ്ഫോമുകള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഡിജിറ്റല്‍ സ്വർണ്ണത്തെ ഫിസിക്കല്‍ സ്വർണമാക്കി മാറ്റാനും അനുവദിക്കുന്നു. എന്നാല്‍ ഫിസിക്കല്‍ സ്വർണമാക്കുന്നതിന് ഒരു ഗ്രാം സ്വർണമെങ്കിലും കുറഞ്ഞത് വേണം.

അതേസമയം, ഫിസിക്കല്‍ സ്വർണ്ണം വാങ്ങുമ്ബോള്‍, 22 കാരറ്റ് അല്ലെങ്കില്‍ 91.6 ശതമാനം ശുദ്ധമായ സ്വർണ്ണമായിരിക്കും നിങ്ങള്‍ക്കു ലഭിക്കുന്നത്. എന്നാല്‍ ഡിജിറ്റല്‍ സ്വർണമാകുമ്ബോള്‍, അത് 24 കാരറ്റ് അല്ലെങ്കില്‍ 100 ശതമാനം ശുദ്ധമായിരിക്കും.


എംഎംടിസി-പിഎഎംപി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഡിജിറ്റല്‍ സ്വർണ്ണ വില്‍പ്പനക്കാരാണ്. കമ്ബനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഡിജിറ്റല്‍ സ്വർണം വാങ്ങാൻ കഴിയും.


ഇന്ത്യയില്‍ ഡിജിറ്റല്‍ സ്വർണം വാങ്ങുന്നതിനുള്ള മികച്ച പ്ലാറ്റ്ഫോമുകള്‍

ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങി പ്രധാന ഡിജിറ്റല്‍ പേയ്മെൻ്റ് പ്ലാറ്റ്ഫോമുകളിലൂടെ, പുതിയ അക്കൗണ്ട് സൃഷ്ടിക്കാതെയോ ആപ്പ് ഇൻസ്റ്റാള്‍ ചെയ്യാതെയോ ഡിജിറ്റല്‍ സ്വർണം വാങ്ങാൻ സാധിക്കും.


ഗൂഗിള്‍ പേയില്‍ ഡിജിറ്റല്‍ സ്വർണം എങ്ങനെ വാങ്ങാം?

ഗൂഗിള്‍ പേയില്‍, ഗോള്‍ഡ് ലോക്കർ സെർച്ച്‌ ചെയ്ത് തുറക്കുക. നികുതി ഉള്‍പ്പെടെയുള്ള സ്വർണത്തിൻ്റെ നിലവിലെ വില ഇവിടെ കാണാം. നിങ്ങളുടെ സ്ക്രീനിൻ്റെ താഴെയുള്ള വാങ്ങല്‍ ( Buy) ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് തുക നല്‍കി ഇടപാട് പൂർത്തിയാക്കുക. ഇതേ ഓപ്ഷൻ ഉപയോഗിച്ച്‌, ഒരാള്‍ക്ക് അവരുടെ വിലാസത്തിലേക്ക് ഫിസിക്കല്‍ ഗോള്‍ഡ് കോയിനുകള്‍ ഡെലിവർ ചെയ്യാനും കഴിയും. ഈ സേവനം ഇന്ത്യയില്‍ തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് മാത്രമേ ലഭ്യമാകൂ.


ഫോണ്‍ പേയില്‍ ഡിജിറ്റല്‍ സ്വർണം എങ്ങനെ വാങ്ങാം?

ഫോണ്‍ പേയില്‍ ഡിജിറ്റല്‍ സ്വർണം വാങ്ങുന്നത് ലളിതമായ പ്രക്രിയയാണ്. ആപ്പ് തുറക്കുക, 'വെല്‍ത്ത്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഗോള്‍ഡ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങള്‍ക്ക് ഡിജിറ്റല്‍ സ്വർണ്ണം വാങ്ങാം.


പേടിഎമ്മില്‍ ഡിജിറ്റല്‍ സ്വർണം എങ്ങനെ വാങ്ങാം?

പേടിഎമ്മില്‍, പേടിഎം ഗോള്‍ഡ് എന്ന ഓപ്ഷൻ തുറക്കുക. ഇവിടെ നിങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയെടെ സ്വർണം വരെ വാങ്ങാം.

Previous Post Next Post