സ്റ്റാറ്റസ് മെൻഷൻ വന്‍ ഹിറ്റ്, അടുത്ത അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്; ഇനി ഗ്രൂപ്പുകളെയും മെന്‍ഷന്‍ ചെയ്യാം

 


മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് വ്യൂവേഴ്‌സിന്‍റെ എണ്ണം ഇടയ്ക്കിടെ എടുത്തുനോക്കുന്നവരാണ് നമ്മളിൽ പലരും. ഇതിനിടയിലാണ് വാട്‌സ്ആപ്പില്‍ മെൻഷൻ ഓപ്ഷൻ മെറ്റ അവതരിപ്പിച്ചത്. ഈ അപ്ഡേറ്റ് ഹിറ്റായതിന് പിന്നാലെ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. പുതിയ അപ്ഡേറ്റിലൂടെ നമ്മളൊരു സ്റ്റാറ്റസ് ഇട്ടാൽ ഗ്രൂപ്പിനെ മൊത്തം അറിയിക്കാനും മെൻഷൻ ചെയ്ത് ടാഗ് ചെയ്യാനുമാകും എന്ന് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.  

വാട്‌സ്ആപ്പിന്‍റെ ബീറ്റ പതിപ്പിലാണ് സ്റ്റാറ്റസിലെ ഗ്രൂപ്പ് ചാറ്റ് മെന്‍ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ അഞ്ച് വ്യക്തികളെ മാത്രമാണ് ഒരു സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാൻ സാധിക്കുക. എന്നാല്‍ ഗ്രൂപ്പുകളെ മെൻഷൻ ചെയ്യാനുള്ള അവസരം ലഭിക്കുന്നതിലൂടെ വ്യക്തികളെ പ്രത്യേകം സ്റ്റാറ്റസുകളിൽ മെൻഷൻ ചെയ്യേണ്ടതില്ല. ഗ്രൂപ്പിനെ മെൻഷൻ ചെയ്യുന്നതിലൂടെ അംഗങ്ങൾക്ക് മെൻഷനെക്കുറിച്ച് അറിയിപ്പും ലഭിക്കും. ഈ അപ്ഡേഷനിലൂടെ അംഗങ്ങൾക്ക് സ്റ്റാറ്റസ് കാണാനാകും. അതേസമയം ഗ്രൂപ്പ് ചാറ്റുകൾ സൈലന്‍റാക്കി വെയ്ക്കുന്നവർക്ക് ഗ്രൂപ്പിനെ മെൻഷൻ ചെയ്ത നോട്ടിഫിക്കേഷൻ ലഭിക്കില്ല. വ്യക്തികളെ മെൻഷൻ ചെയ്യുന്നതിന് പരിമിതി ഉള്ളതുപോലെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ഗ്രൂപ്പ് ചാറ്റുകൾ മെൻഷൻ ചെയ്യുന്നതിന് പരിമിതി വരുമോയെന്നതിൽ ഇപ്പോള്‍ വ്യക്തതയില്ല.


വാട്‌സ്ആപ്പിലെ വോയിസ് മെസേജുകള്‍ വായിക്കാനാകുന്ന രൂപത്തിലാക്കി മാറ്റുന്ന (വാട്‌സ്ആപ്പ് വോയിസ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ്) ഫീച്ചര്‍ മെറ്റ അടുത്തിടെ അവതരിപ്പിച്ചിരുന്നു. വാട്‌സ്ആപ്പില്‍ ലഭിക്കുന്ന വോയിസ് മെസേജുകള്‍ പ്ലേ ചെയ്‌ത് കേള്‍ക്കാന്‍ കഴിയുന്ന സാഹചര്യത്തിലല്ല നിങ്ങള്‍ എങ്കില്‍ ഇനി പ്രയാസപ്പെടേണ്ട. വാട്‌സ്ആപ്പ് വോയിസ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചര്‍ പ്രകാരം വോയിസ് മെസേജുകള്‍ ഓട്ടോമാറ്റിക്കായി ടെക്സ്റ്റായി രൂപാന്തരപ്പെടും. വോയിസ് മെസേജിന് തൊട്ടുതാഴെ തന്നെയായിരിക്കും ഇത്തരത്തില്‍ വാട്‌സ്ആപ്പ് വോയിസ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് വായിക്കാനായി പ്രത്യക്ഷപ്പെടുക.

Previous Post Next Post