നവംബർ 30ന് ശേഷം ഇന്ത്യൻ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഒറ്റത്തവണ പാസ്‌വേഡുകള്‍ (ഒടിപി) ലഭിക്കുന്നതില്‍ തടസ്സങ്ങള്‍ നേരിടേണ്ടിവരും.
ഡിസംബർ 1 മുതല്‍, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിയന്ത്രണ മാറ്റങ്ങള്‍ വരുന്നതോടെയാണ് ഒടിപി ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരിക. ജിയോ, എയർടെല്‍, വി തുടങ്ങിയ പ്രമുഖ ടെലികോം ദാതാക്കളെ ഈ അസൗകര്യം ബാധിക്കും.
വാണിജ്യ സന്ദേശമയയ്‌ക്കലും ഒറ്റത്തവണ പാസ്‌വേഡുകളും (ഒടിപി) നല്‍കുന്നതില്‍ ടെലികോം കമ്ബനികള്‍ക്ക് ട്രായിയുടെ നിയന്ത്രണങ്ങള്‍ വരുന്നതോടെയാണ് ഈ സന്ദേശങ്ങള്‍ ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകാൻ സാധ്യതയുള്ളത്. നിരവധി തട്ടിപ്പുകള്‍ക്ക് കാരണമാകുന്ന സ്‌പാമിനെയും ഫിഷിംഗ് സന്ദേശങ്ങളെയും ചെറുക്കുന്നതിന് ട്രായ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന പുതിയ ട്രെയ്‌സിബിലിറ്റി നിയമങ്ങള്‍ ആണ് ഇതിന് കാരണമാകുന്നത്. ഈ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനായി ടെലികോം കമ്ബനികള്‍ക്ക് ട്രായ് നല്‍കിയിട്ടുള്ള അവസാന സമയപരിധി 2024 ഡിസംബർ 1 വരെയാണ്.
വഞ്ചനയില്‍ നിന്നും ഓണ്‍ലൈൻ കുറ്റകൃത്യങ്ങളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള ട്രായിയുടെ വലിയ ശ്രമത്തിൻ്റെ ഭാഗമാണ് ഈ പുതിയ നിയമങ്ങള്‍. സന്ദേശങ്ങളുടെ കൃത്യമായ ഉറവിടം കണ്ടെത്താനായാണ് ട്രെയ്‌സിബിലിറ്റി നിയമങ്ങള്‍ നടപ്പിലാക്കുന്നത്. നടപടികള്‍ സ്വീകരിക്കുന്നതിന് ടെലികോം ദാതാക്കള്‍ക്ക് ആദ്യം ഒക്ടോബർ 31 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാല്‍ കമ്ബനികള്‍ക്ക് നടപടിക്രമങ്ങള്‍ പൂർത്തീകരിക്കാൻ സാധിക്കാതെ ആയതോടെ നവംബർ 30 വരെ സമയം നീട്ടി നല്‍കുകയായിരുന്നു.