സെക്കണ്ടറി സിമ്മുകൾ റീചാർജ് ചെയ്യാൻ മറക്കുന്ന മൊബൈൽ ഉപയോക്താക്കൾക്ക് ആശ്വാസകരമായ നടപടിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സിം കാർഡ് കാലാവധി സാധുതയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളാണ് ട്രായ് അവതരിപ്പിച്ചിരിക്കുന്നത്.
ഇടയ്ക്കിടെയുള്ള റീചാർജുകൾ ഒഴിവാക്കാനും ചെലവ് കുറയ്ക്കാനും ഉപയോക്താക്കളെ സഹായിക്കുന്നതാണ് ഇത്. ജിയോ,എയർടെൽ, വോഡാഫോണ്‍, ബിഎസ്എൻഎൽ എന്നിവയിൽ നിന്നുള്ള സിം കാർഡുകൾ ദീർഘകാലത്തേക്ക് റീചാർജ് ചെയ്യാതെ സജീവമായി നിലനിർത്താന്‍ ട്രായ് മാർഗനിർദ്ദേശങ്ങൾ സഹായകരമാണ്.
ജിയോ വരിക്കാര്‍
ജിയോ ഉപയോക്താക്കൾക്ക് സിം റീചാർജ് ചെയ്യാതെ 90 ദിവസത്തേക്ക് സജീവമായി നിലനിര്‍ത്താവുന്നതാണ്. ഈ കാലാവധിക്ക് ശേഷം വീണ്ടും സിം റീ ചാര്‍ജ് ചെയ്യണം.റീചാർജ് ചെയ്യുന്നില്ലെങ്കില്‍ സിം ശാശ്വതമായി വിച്ഛേദിക്കപ്പെടുകയും മറ്റൊരാൾക്ക് വീണ്ടും നൽകുകയും ചെയ്യും.
എയർടെൽ സിം കാർഡുകൾ റീചാർജ് ചെയ്യാതെ 90 ദിവസത്തിലധികം സജീവമായി നിലനിര്‍ത്താം. തുടര്‍ന്ന് ഉപയോക്താക്കൾക്ക് അവരുടെ സിം വീണ്ടും സജീവമാക്കുന്നതിനായി 15 ദിവസത്തെ ഗ്രേസ് പിരീഡ് ലഭിക്കുന്നതാണ്. ഇതിനു ശേഷവും റീചാർജ് ചെയ്യുന്നില്ലെങ്കില്‍ സിം ശാശ്വതമായി വിച്ഛേദിക്കപ്പെടും.
വോഡാഫോണ്‍ ഉപയോക്താക്കള്‍ക്ക് സിം റീചാർജ് ചെയ്യുന്നതിനായി 90 ദിവസത്തെ ഗ്രേസ് പിരീഡാണ് ലഭ്യമാക്കിയിട്ടുളളത്. ഇതിനുശേഷം ഉപയോക്താവ് അവരുടെ സിം സജീവമാക്കി നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ കുറഞ്ഞത് 49 രൂപയുടെ പ്ലാൻ ഉപയോഗിച്ച് നമ്പർ റീചാർജ് ചെയ്യേണ്ടതുണ്ട്.
ബിഎസ്എൻഎൽ
സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ ആണ് ഏറ്റവും ദൈർഘ്യമേറിയ കാലാവധി വാഗ്ദാനം ചെയ്യുന്നത്. റീചാർജ് ചെയ്യാതെ ബിഎസ്എൻഎൽ സിം 180 ദിവസത്തേക്ക് സജീവമായി നിലനിര്‍ത്താം. ഇടയ്ക്കിടെയുള്ള റീചാർജുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് മികച്ച ഓപ്ഷനാണ് ഈ നീണ്ട പ്ലാൻ.
ഈ ടെലികോം കമ്പനിയുടെ സിമ്മുകളില്‍ ഉപയോക്താവിന് 20 രൂപ പ്രീപെയ്ഡ് ബാലൻസ് ഉണ്ടെങ്കില്‍ 30 ദിവസത്തേക്ക് കൂടി സിം ആക്ടിവേഷൻ നീട്ടി നല്‍കുന്നതാണ്.