ഗൂഗിള്‍ നല്‍കുന്നതെല്ലാം വിശ്വസിക്കല്ലേ… തട്ടിപ്പില്‍ വീഴല്ലേ… മുന്നറിയിപ്പുമായി കേരള പൊലീസ്

 


വെബ്‌സൈറ്റില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച് പണം തട്ടുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇത്തരം തട്ടിപ്പുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുകയാണെന്നും മണി പേയ്‌മെന്റ് ആപ്പുകളിലൂടെ പണമിടപാട് നടത്തുന്നവരും ഓണ്‍ലൈനായി ബില്ലുകള്‍ അടക്കുന്നവരും ഫുഡ് ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുന്നവരുമാണ് കൂടുതലും തട്ടിപ്പിനിരയാകുന്നതെന്ന് പൊലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.

സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ട് ഓണ്‍ലൈനില്‍ പണമിടപാട് നടത്തി പണം നഷ്ടപ്പെടുമ്പോള്‍ ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ ഗൂഗിളില്‍ തിരയുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. യഥാര്‍ത്ഥ വെബ്‌സൈറ്റുകളോട് കിടപിടിക്കുന്ന രീതിയിലായണ് വ്യാജ സൈറ്റുകള്‍ ഉണ്ടാക്കുന്നത്. ഗൂഗിള്‍ നല്‍കുന്നതെല്ലാം വിശ്വസിക്കരുതെന്ന് പറയുന്ന പോസ്റ്റില്‍, വ്യാജ വെബ്‌സൈറ്റുകള്‍ ഗൂഗിളില്‍ ആദ്യം ലിസ്റ്റ് ചെയ്യുന്ന രീതിയില്‍ തയ്യാറാക്കിയാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

ഔദ്യോഗിക വൈബ്‌സൈറ്റുകളില്‍ നിന്ന് ലഭിക്കുന്ന കസ്റ്റമര്‍ കെയര്‍ നമ്പറുകളില്‍ വിളിക്കാന്‍ ശ്രമിക്കണമെന്നും ആര്‍ക്കും ബാങ്ക് അക്കൗണ്ട് വിവരങ്ങളോ രഹസ്യവിവരങ്ങളോ ഫോണില്‍ ലഭിച്ച സന്ദേശങ്ങളോ അയച്ചുനല്‍കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഔദ്യോഗിക സൈറ്റുകളില്‍ കയറി മാത്രം കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍ എന്നിവ ശേഖരിക്കണമെന്നും നിര്‍ദേശമുണ്ട്.

Previous Post Next Post