യു.പി.ഐ, എ.ടി.എം വഴി ഇനി പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കാം.

 


ഡല്‍ഹി: തൊഴിലാളികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന പരിഷ്കരണവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ).

ഇനി മുതല്‍ യു.പി.ഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ചും എ.ടി.എം വഴിയും പി.എഫ് തുക പിൻവലിക്കാൻ സാധിക്കും.കൂടാതെ ജീവനക്കാർക്ക് യു.പി.ഐ വഴി പി.എഫ് അക്കൗണ്ടിന്റെ ബാലൻസ് പരിശോധിക്കാനും ഓട്ടോമേറ്റഡ് സിസ്റ്റം വഴി ഒരു ലക്ഷം രൂപ വരെ പിൻവലിക്കാനും സാധിക്കുമെന്ന് തൊഴില്‍ മന്ത്രാലയ സെക്രട്ടറി സുമിത ദാവ്‌റ വ്യക്തമാക്കി.

ഈ വർഷം മെയ് അവസാനത്തോടെയാണ് പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുക. പി.എഫ് പിൻവലിക്കല്‍ കൂടുതല്‍ സുഗമമാക്കുന്നതിനായി 120 ലധികം ഡാറ്റാബേസുകള്‍ സംയോജിപ്പിച്ച്‌ ഇ.പി.എഫ്.ഒ പ്രക്രിയ ഡിജിറ്റലൈസ് ചെയ്യുന്നതില്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.

ക്ലെയിം പ്രോസസ്സിങ് സമയം മൂന്ന് ദിവസമായി കുറക്കുകയും 95% ക്ലെയിമുകള്‍ ഓട്ടോമേറ്റഡ് ആക്കുകയും ചെയ്തു. ഡിസംബർ മുതല്‍ 78 ലക്ഷം പെൻഷൻകാർക്ക് ഏത് ബാങ്ക് ശാഖയില്‍ നിന്നും പണം പിൻവലിക്കാനുള്ള സൗകര്യമൊരുക്കിയതായും ഇ.പി.എഫ്.ഒ അംഗങ്ങളുടെ എണ്ണം 7.5 കോടി കടന്നതായും അധികൃതർ വ്യക്തമാക്കി.

രാജ്യത്തുടനീളമുള്ള 147 പ്രാദേശിക ഓഫീസുകള്‍ വഴി പ്രതിമാസം 10 -12 ലക്ഷം പുതിയ അംഗങ്ങള്‍ ഈ സംവിധാനത്തില്‍ ചേർന്നു വരികയാണ്. യു.പി.ഐ, എ.ടി.എം മുഖേന പി.എഫ് പിൻവലിക്കല്‍ ആരംഭിക്കുന്നതോടെ ഇന്ത്യയുടെ ഡിജിറ്റല്‍ സാമ്ബത്തിക പരിഷ്‌കരണത്തില്‍ സുപ്രധാന നാഴികക്കല്ലാകും. മാത്രമല്ല, ഈ പരിഷ്‌കരണം ജീവനക്കാർക്കും തൊഴിലുടമകള്‍ക്കും വലിയൊരു ആശ്വാസമാകും.

Previous Post Next Post