ദൈനം ദിന പണമിടപാടുകള്‍ക്കായി യുപിഐ ആപ്പുകളെ ആശ്രയിക്കുന്നവരാണ് നമ്മളെല്ലാവരും. അതുകൊണ്ടുതന്നെ ഈ വരുന്ന ഓഗസ്റ്റ് ഒന്ന് മുതല്‍ യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫെയ്‌സ് (യുപിഐ) നിയമങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.
ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം ഉള്‍പ്പടെയുള്ള യുപിഐ ആപ്പുകളില്‍ ഏതെങ്കിലും സജീവമായി ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങള്‍ അക്കൗണ്ട് ബാലന്‍സ് തിരയുന്നതിലും, പണമയക്കുന്നതിലും ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിലുമെല്ലാം പുതിയ നിയമങ്ങളിലൂടെ മാറ്റം വരും.
ഇടപാടുകള്‍ നടക്കുമ്പോള്‍ വരുന്ന കാലതാമസം, യുപിഐ സേവനങ്ങള്‍ക്ക് തടസം നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് സമീപകാലത്തായി പരാതികള്‍ ഉയരുന്നുണ്ട്.ഉപഭോക്താക്കളില്‍ നിന്ന് ബാലന്‍സ് നോക്കുക, പേമെന്റ് സ്റ്റാറ്റസ് ആവര്‍ത്തിച്ച് റിഫ്രഷ് ചെയ്യുക പോലുള്ള റിക്വസ്റ്റുകള്‍ ആവര്‍ത്തിച്ച് വരുന്നതാണ് ഇതിനുള്ള പ്രധാന കാരണമെന്നാണ് എന്‍പിസിഐയുടെ വിലയിരുത്തല്‍.
ഓഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വരുന്ന പുതിയ നിയമങ്ങള്‍
*ദിവസേന 50 തവണ മാത്രമേ ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കൂ
*ദിവസേന 25 തവണ മാത്രമേ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ നോക്കാനാവൂ
*വിവിധ സബ്‌സ്‌ക്രിപ്ഷനുകള്‍ക്കുള്ള ഓട്ടോ പേ ഇടപാടുകള്‍ ഒരു ദിവസമുടനീളം തോന്നും പോലെ നടക്കുന്നതിന് പകരം, ഇനി നിശ്ചിത സമയങ്ങളില്‍ മാത്രമേ ഓട്ടോ പേ ഇടപാടുകള്‍ നടക്കൂ*l
*പണമിടപാട് നടത്തിയതിന്റെ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ദിവസേന മൂന്ന് തവണ മാത്രമേ സാധിക്കൂ. ഒരുതവണ പരിശോധിച്ചാല്‍ പിന്നീട് 90 സെക്കന്റിന് ശേഷമേ അടുത്തതിന് സാധിക്കൂ