വാട്സ്ആപ്പ് ഇല്ലാതെ തന്നെ മെസേജയക്കാം ; വരുന്നു കിടിലൻ ഫീച്ചർ


 ഉപയോക്താക്കളുടെ സൗകര്യാർഥം പുതിയ ഫീച്ചറുകൾ തുടർച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തിൽ പുതിയതായി വാട്‌സ്‌ആപ്പ് കൊണ്ടുവരാൻ പോകുന്ന ഫീച്ചറാണ് ഗസ്റ്റ് ചാറ്റ്. വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത ആളുകൾക്കും സന്ദേശം അയക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്. വാട്‌സ്ആപ്പ് നെറ്റ്വർക്കിന് പുറത്തുള്ള മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഇത് സഹായകരമാകും. ഈ ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. വാട്‌സ്ആപ്പ് ഉടൻ തന്നെ ഇതിന്റെ ബീറ്റ വേർഷൻ പുറത്തിറക്കുമെന്ന് കരുതുന്നു. തുടർന്ന് ഭാവിയിൽ വിപുലമായ രീതിയിൽ പുതിയ അപ്ഡേറ്റായി ഇതിനെ കൊണ്ടുവരാനാണ് വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്.

ആപ്പ് ഇല്ലാത്ത ഒരാൾക്ക് ലിങ്ക് അയച്ചു കൊടുത്ത് ആശയവിനിമയം നടത്തുന്നതാണ് രീതി. ആപ്പ് ഉപയോഗിക്കാത്ത ആളെ ലിങ്ക് വഴി ക്ഷണിച്ച് ആശയവിനിമയം നടത്തുന്ന രീതിയിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ക്ഷണിക്കപ്പെട്ട വ്യക്തി ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ അക്കൗണ്ട് സൃഷ്ടിക്കുകയോ ചെയ്യേണ്ടതില്ല. അവർ ചെയ്യേണ്ടത് അവരുടെ ബ്രൗസറിൽ ലിങ്ക് തുറന്ന് ചാറ്റ് ആരംഭിക്കുക എന്നത് മാത്രമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വാട്‌സ്ആപ്പ് വെബിന് സമാനമായ ഒരു വെബ് അധിഷ്ഠിത ഇന്റർഫേസിലൂടെ ഈ സജ്ജീകരണം പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗസ്റ്റ് ചാറ്റിൽ മീഡിയ ഷെയറിങ് നടക്കുമോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. അതിനാൽ ഫോട്ടോകൾ, വീഡിയോകൾ, വോയ്‌സ് നോട്ടുകൾ എന്നിവ ഷെയർ ചെയ്യാൻ കഴിയുമോ  എന്ന സംശയം നിലനിൽക്കുന്നുണ്ട്

Previous Post Next Post