ഗൂഗിള്‍ പേ, ഫോണ്‍ പേ അടക്കമുള്ള യുപിഐ പേയ്മെന്റ് ആപ്പുകളില്‍ “പണം അഭ്യര്‍ഥിക്കുന്ന” (Collect Request / Pull Transaction) സൗകര്യം ഒക്ടോബര്‍ 1 മുതല്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ല.
ഓണ്‍ലൈന്‍ പണമിടപാടുകളിലെ തട്ടിപ്പ് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI)യാണ് ഈ മാറ്റം കൊണ്ടു വരുന്നത്. ബാങ്കുകളെയും പേയ്മെന്റ് ആപ്പുകളെയും ഇതിനായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇപ്പോൾ വരെ ഒരു ഉപയോക്താവിന് മറ്റൊരാളോട് യുപിഐ വഴി പണം ആവശ്യപ്പെടാന്‍ കഴിയുന്ന കളക്റ്റ് റിക്വസ്റ്റ് സംവിധാനം, പലപ്പോഴും തട്ടിപ്പിനായി ഉപയോഗിക്കപ്പെടുന്നുവെന്ന പരാതിയാണ് തീരുമാനം സ്വീകരിക്കാന്‍ കാരണമായത്.
നിലവിൽ പി-ടു-പി കളക്റ്റ് സൗകര്യം പരമാവധി ₹2,000 രൂപ വരെ മാത്രമാണ് അനുവദിച്ചിരുന്നത്.
എന്നാൽ, ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍, ഇ-കൊമേഴ്സ് സൈറ്റുകള്‍, റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ നിയമാനുസൃത ബിസിനസ് ഇടപാടുകൾക്കായി കളക്റ്റ് അഭ്യര്‍ത്ഥന സൗകര്യം തുടരും. ഉപയോക്താവ് അംഗീകാരം നല്‍കിയാല്‍ മാത്രമേ ഇത്തരം ഇടപാടുകള്‍ പൂര്‍ത്തിയാകൂ.