മൊബൈൽ ഡാറ്റ നിരക്കുകൾ വീണ്ടും ഉയർന്നേക്കും; പുതിയ വർധന 10-12 ശതമാനം വരെ

 


ന്യൂഡൽഹി ∙ ടെലികോം മേഖലയിൽ നിരക്കുകൾ വീണ്ടും ഉയരാൻ സാധ്യത. പ്രധാന മൊബൈൽ സേവന ദാതാക്കൾ അടുത്തിടെ 1 ജിബി ഡാറ്റാ പ്ലാനുകൾ പിൻവലിച്ചതിന് പിന്നാലെ, ഡാറ്റാ പ്ലാനുകളുടെ നിരക്ക് 10 മുതൽ 12 ശതമാനം വരെ വർധിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഈ വർധനവ് 2025 അവസാനത്തോടെയോ 2026 മാർച്ചിനോടെയോ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.

തുടർച്ചയായ മാസങ്ങളിലുണ്ടായ പുതിയ വരിക്കാരുടെ വർധനയാണ് കമ്പനികൾക്ക് നിരക്ക് കൂട്ടാൻ ആത്മവിശ്വാസം നൽകുന്നത്. ഇതിനോടനുബന്ധിച്ച്, ജിയോയും എയർടെലും എൻട്രി ലെവൽ ഡാറ്റാ പ്ലാനുകൾ പിൻവലിച്ചിരുന്നു. ജിയോയുടെ ₹209, ₹249 വിലയുള്ള 1 ജിബി പ്രതിദിന പ്ലാനുകളും എയർടെലിന്റെ ₹249 വിലയുള്ള 1 ജിബി പ്ലാനും ഒഴിവാക്കിയിരിക്കുകയാണ്.

ഇതിന് പകരം ഉപഭോക്താക്കളെ 1.5 ജിബി പ്ലാനുകളിലേക്ക് മാറ്റി ഡാറ്റാ ഉപയോഗം വർധിപ്പിച്ച് വരുമാനം കൂട്ടുകയാണ് ലക്ഷ്യം. ഡാറ്റാ ഉപയോഗം പ്രതിദിനം 1.5 ജിബിയിൽ നിന്ന് 2 ജിബിയായി ഉയർന്നാൽ, ഓരോ ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 17 മുതൽ 19 ശതമാനം വരെ വർധിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ജൂലൈയിലെ നിരക്ക് വർധനയ്ക്ക് ശേഷം വരിക്കാർ മറ്റ് നെറ്റ്വർക്കുകളിലേക്ക് മാറാനുള്ള സാധ്യത കമ്പനി അധികൃതർ വിലയിരുത്തിയിട്ടുണ്ട്. അതിനാൽ എല്ലാ പ്ലാനുകൾക്കും ഒരുപോലെ വില കൂട്ടാതെ, ഉപയോഗ അളവിനെ അടിസ്ഥാനമാക്കിയുള്ള “ടയേർഡ് പ്രൈസിംഗ്” (Tiered Pricing) സംവിധാനമാണ് സ്വീകരിക്കാനിടയുള്ളത്.

കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾക്ക് മാറ്റമില്ലാതെ ഇടത്തരം, ഉയർന്ന നിരക്കുള്ള റീചാർജ് പ്ലാനുകൾക്കായിരിക്കും വില വർധിക്കുക. ഇതിലൂടെ ഉപയോക്താക്കളെ സ്ഥിരമായി നിലനിർത്താനാകും എന്ന് കമ്പനികൾ കരുതുന്നു.

വില വർധന ഏത് പ്ലാനുകൾക്കായിരിക്കും ബാധകമെന്ന കാര്യത്തിൽ കമ്പനികൾ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. എന്നാൽ ഡാറ്റാ ഉപയോഗത്തിന്റെ അളവ്, വേഗത, ഉപയോഗം കൂടുതലുള്ള സമയം എന്നിവ വില നിർണയത്തിനുള്ള പ്രധാന മാനദണ്ഡങ്ങളായേക്കുമെന്നാണ് സൂചന.

Previous Post Next Post