ന്യൂഡല്‍ഹി: ഉപയോക്തക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. നെറ്റ്‌വർക്ക് ഇല്ലെങ്കിലും വോയ്സ് കോളുകള്‍ ചെയ്യാന്‍ കഴിയുന്ന വോയ്സ് ഓവര്‍ വൈ-ഫൈ സേവനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഈ സേവനം ലഭ്യമാകുക. സെല്ലുലാര്‍ നെറ്റ്വര്‍ക്കിന് പകരം വൈ-ഫൈ കണക്ഷന്‍ ഉപയോഗിച്ച് കോളുകള്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഫീച്ചര്‍. സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നിവര്‍ നേരത്തെ ഈ സേവനം അവതരിപ്പിച്ചിരുന്നു.
ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4 ജി നെറ്റ്വര്‍ക്ക് വികസിപ്പിക്കുകയാണ്. ഇന്ത്യയിലുടനീളം 1 ലക്ഷത്തിലധികം മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചുകൊണ്ട് 4 ജി സേവനങ്ങള്‍ വികസിപ്പിച്ചിരുന്നു. ബിഎസ്എന്‍എല്ലിന്റെ 25-ാം വാര്‍ഷികാഘോഷത്തിലെ മറ്റൊരു നാഴികക്കല്ലാണ് വോയ്ഫൈ സേവനം. ഒക്ടോബര്‍ 2 ന് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (ഡിഒടി) സെക്രട്ടറി നീരജ് മിത്തലാണ് ഈ സേവനം അവതരിപ്പിച്ചത്. ബിഎസ്എന്‍എല്ലിന്റെ ഡിജിറ്റല്‍ വികാസത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് പുതിയ പ്രഖ്യാപനങ്ങള്‍.
നിലവില്‍, സൗത്ത്, വെസ്റ്റ് സോണ്‍ സര്‍ക്കിളുകളില്‍ വോയ്‌സ് ഓവര്‍ വൈ-ഫൈ VoWiFi സേവനം ലഭ്യമാണ്, ഉടന്‍ മറ്റ് പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. നേരത്തെ തമിഴ്നാട്ടില്‍ ഇസിം അവതരിപ്പിച്ചതിന് ശേഷം കമ്പനി മുംബൈയിലും 4ജി, ഇസിം സേവനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
വോയ്‌സ് ഓവര്‍ വൈ-ഫൈ എങ്ങനെ പ്രവര്‍ത്തിക്കും?
മോശം മൊബൈല്‍ സിഗ്‌നലുകള്‍ ഉള്ള പ്രദേശങ്ങളില്‍ വൈഫൈ അല്ലെങ്കില്‍ ഹോം ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉപയോഗിച്ച് വോയ്സ് കോളുകള്‍ ചെയ്യാന്‍ VoWiFi സേവനം ഉപയോക്താക്കളെ അനുവദിക്കും. നെറ്റ്വര്‍ക്ക് കുറവുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് ഈ സേവനം ഏറെ ഗുണം ചെയ്യും.
ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് VoWiFi പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ആവശ്യമാണ്. പുതിയ ആന്‍ഡ്രോയിഡ്, ഐഫോണ്‍ മോഡലുകളും ഇതിനകം ഓപ്ഷന്‍ ലഭ്യമാണ്. എല്ലാ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കും സേവനം സൗജന്യമാണ്. വൈഫൈ വഴി കോളുകള്‍ ചെയ്യുന്നതിന് ഉപയോക്താക്കള്‍ അധിക നിരക്കുകളൊന്നും നല്‍കേണ്ടതില്ല.