പ്രൈവറ്റ് എഐ കമ്പ്യൂട്ട് ക്ലൗഡ് പ്ലാറ്റ്‌ഫോം പുറത്തിറക്കി ഗൂഗിൾ; ഇനി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഏറ്റവും സുരക്ഷിതം


ഉപയോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്‌ച ചെയ്യാതെ ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾക്ക് കൂടുതൽ കാര്യക്ഷമത നൽകുന്ന പുതിയ ക്ലൗഡ് പ്ലാറ്റ്‌ഫോമായ പ്രൈവറ്റ് എഐ കമ്പ്യൂട്ട് അവതരിപ്പിച്ച് കമ്പനി. 

ഓൺ-ഡിവൈസ് സുരക്ഷയും ക്ലൗഡ് അധിഷ്‌ഠിത ഇന്റലിജൻസും തമ്മിലുള്ള വിടവ് നികത്തുന്ന സാങ്കേതിക വിദ്യയാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉപയോക്താക്കൾക്ക് ഏറെ ഗുണകരമാവുന്ന സംവിധാനം തന്നെയാണിത്.

ഈ പുതിയ സംവിധാനം വരുന്നതോടെ, തങ്ങളുടെ ഡാറ്റയുടെ നിയന്ത്രണം വിട്ടു കൊടുക്കാതെ തന്നെ ഉപയോക്താക്കൾക്ക് അഡ്വാൻസ്ഡ് എഐ പ്രോസസ്സിംഗ് ലഭ്യമാകും എന്നതാണ് പ്രധാന കാര്യം. 

എഐ രംഗത്ത് സ്വകാര്യതയ്ക്കും സുതാര്യതയ്ക്കും ഊന്നൽ നൽകിക്കൊണ്ട് ആപ്പിളിനെ പോലുള്ള കമ്പനികൾ സമാനമായ സംരംഭങ്ങൾ ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ ഈ നീക്കം നിർണായകമാവുന്നത്.

എങ്ങനെയാണ് ഇവയുടെ പ്രവർത്തനം?

റെക്കോർഡിംഗുകൾ സംഗ്രഹിക്കുക, സന്ദർഭോചിതമായ നിർദ്ദേശങ്ങൾ നൽകുക, സ്‌മാർട്ട് ഫീച്ചറുകൾ നിയന്ത്രിക്കുക തുടങ്ങിയ സങ്കീർണ്ണമായ കമ്പ്യൂട്ടേഷനുകൾ ആവശ്യമുള്ള കാര്യങ്ങൾക്കായി ഗൂഗിളിന്റെ ശക്തമായ ജെമിനി എഐ മോഡലുകൾ ഉപയോഗിക്കാൻ ഈ പ്ലാറ്റ്‌ഫോം ഉപകരണങ്ങളെ സഹായിക്കുമെന്നതാണ് പ്രധാന സവിശേഷത.

കൂടാതെ, സെൻസിറ്റീവായ ഡാറ്റ സ്വകാര്യമായിത്തന്നെ നിലനിർത്തുന്നുവെന്നും ഗൂഗിൾ പുതിയ സംവിധാനത്തിലൂടെ ഉറപ്പ് വരുത്തുന്നു. 

ഈ സംവിധാനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത് കമ്പനിക്ക് പോലും ഉപയോക്താക്കളുടെ വിവരങ്ങളോ അവർ പ്രോസസ് ചെയ്യുന്ന ഡാറ്റയോ ആക്‌സസ് ചെയ്യാൻ സാധിക്കാത്ത രീതിയിലാണെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.

ഗൂഗിളിന്റെ കസ്‌റ്റം ടെൻസർ പ്രോസസ്സിംഗ് യൂണിറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച സുരക്ഷിതമായ ക്ലൗഡ് എൻവയോൺമെന്റിലാണ് ഇത് പ്രവർത്തിക്കുന്നത്. 

എൻക്രിപ്ഷനും റിമോട്ട് അറ്റസ്‌റ്റേഷനും വഴി, ഉപയോക്തൃ ഉപകരണങ്ങൾ ഈ ഐസൊലേറ്റഡ് എൻവയോൺമെന്റുമായി ബന്ധിപ്പിച്ച് ഡാറ്റ സുരക്ഷിതമായി പ്രോസസ് ചെയ്യുകയാണ് ചെയ്യുന്നത്.

എന്താണ് പ്രത്യേകത?

പുതിയ സംവിധാനം ഏർപ്പെടുത്തുന്നത് വഴി ഗൂഗിളിന്റെ എഞ്ചിനീയർമാർക്കോ പരസ്യം ചെയ്യുന്നവർക്കോ ഉൾപ്പെടെ ഒരു ബാഹ്യ സ്ഥാപനത്തിനും ഉപയോക്തൃ ഡാറ്റയിലേക്ക് എത്തി നോക്കാൻ കഴിയില്ലെന്ന് കമ്പനി ഉറപ്പ് നൽകുന്നു. 

വർഷങ്ങളായി, ഗൂഗിളിന്റെ എഐ അധിഷ്‌ഠിത ഫീച്ചറുകളായ ട്രാൻസ്ലേഷൻ, ഓഡിയോ സംഗ്രഹങ്ങൾ, വോയിസ് അസിസ്റ്റന്റുകൾ എന്നിവ പിക്‌സൽ ഫോണുകളിലും ക്രോംബുക്കുകളിലും നേരിട്ടായിരുന്നു പ്രൊസസ് ചെയ്‌തത്‌.

Previous Post Next Post