സൈബർ ആക്രമണങ്ങള്‍ നിരന്തരം വർധിച്ചു വരുന്ന സാഹചര്യത്തില്‍ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വാട്‌സ്‌ആപ്പില്‍ 'സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്' ഫീച്ചർ എത്തുന്നു.
സൈബർ ആക്രമണങ്ങള്‍ക്കുള്ള സാധ്യതകള്‍ പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫെച്ചർ വരുന്നതെന്നാണ് റിപോർട്ടുകള്‍. വാട്‌സ്‌ആപ്പ് സവിശേഷതകള്‍ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ വാബീറ്റ ഇൻഫോ വാട്‍സ്‌ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ് ഫീച്ചര്‍ ഉള്ളതായി അറിയിച്ചു. പരിചയമില്ലാത്ത നമ്ബറുകളില്‍ നിന്നുള്ള മീഡിയ ഫയലുകളും അറ്റാച്ച്‌മെൻ്റുകളും തടയുക എന്നിങ്ങനെയുള്ള നിരവധി സുരക്ഷ ക്രമീകരണങ്ങള്‍ അടങ്ങിയതാണ് പുതിയ ഫീച്ചർ. കോളുകള്‍ക്കിടയില്‍ വാട്‌സ്‌ആപ്പ് സെർവറുകള്‍ വഴി ആശയവിനിമയങ്ങള്‍ റൂട്ട് ചെയ്ത് ഐപി അഡ്രസ് സംരക്ഷണം ഈ സംവിധാനം ഉറപ്പാക്കും.
അതോടൊപ്പം മാല്‍വെയർ അല്ലെങ്കില്‍ ഫിഷിംഗ് ലിങ്കുകള്‍ അടങ്ങിയ ഫോട്ടോകള്‍, വീഡിയോകള്‍, ഡോക്യുമെൻ്റുകള്‍ എന്നിവ അജ്ഞാത കോണ്‍ടാക്റ്റുകളില്‍ നിന്ന് ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ചെയ്യുന്നത് തടയുകയും ചെയ്യും . ഇത്തരം അക്കൗണ്ടുകളുമായുള്ള സംഭാഷണങ്ങള്‍ ടെക്സ്റ്റ് സന്ദേശങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തുന്നത് വഴി അപകട സാധ്യത കുറയ്ക്കാനും വഴി വെക്കുമെന്നാണ് പ്രതീക്ഷ.
