കൊച്ചി: വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ശ്യാം കുമാർ വി.എം. ആണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. വാട്സ്ആപ്പ് സന്ദേശങ്ങൾ കൈമാറുന്നത് വ്യക്തിഗത അക്കൗണ്ടുകൾ വഴിയാണെങ്കിലും, ഒരു ഗ്രൂപ്പിൽ സന്ദേശം പോസ്റ്റ് ചെയ്യുമ്പോൾ അത് എല്ലാ അംഗങ്ങൾക്കും ലഭ്യമാകുമെന്നതിനാൽ അതിനെ വ്യക്തിഗതമായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ക്ലോസ്‌ഡ് ഗ്രൂപ്പാണെന്ന വാദം ഇത്തരം കേസുകളിൽ നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2019-ൽ കോട്ടയം വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ഈ വിധി. ഒരു കമ്പനിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ മുൻ ജീവനക്കാരിയെ ലക്ഷ്യമിട്ട് അശ്ലീല സന്ദേശം പോസ്റ്റ് ചെയ്തതിനെതിരെയായിരുന്നു കേസ്.
തനിക്കെതിരെയുള്ള എഫ്.ഐ.ആറും തുടർ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ ഹർജി കോടതി തള്ളി. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയുള്ള ഇത്തരം അതിക്രമങ്ങൾ നിയമപരമായി നേരിടേണ്ടതുണ്ടെന്ന് കോടതി അടിവരയിട്ടു
