രാജ്യത്തെ മൊബൈൽ ഉപഭോക്താക്കൾക്ക് മേൽ കൂടുതൽ ഭാരം നൽകിക്കൊണ്ട് നഷ്ടം നേരിടുന്ന സ്വകാര്യ ടെലികോം കമ്പനികളെ രക്ഷിക്കാൻ നീക്കം. ജൂൺ മുതൽ മൊബൈൽ സേവന നിരക്കുകൾ ഏകദേശം 15 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് പുറത്തിറക്കിയ ആനലിസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആദ്യമായാണ് ഇത്രയും വലിയ നിരക്ക് വർധനവ് പരിഗണിക്കുന്നത്.
റിലയൻസ് ജിയോ പൊതു ഓഹരി വിപണിയിലേക്ക് പ്രവേശിക്കാനിരിക്കയാണ്. വോഡാഫോൺ ഐഡിയ ഗ്രൂപ്പുകൾ വലിയ തകർച്ച നേരിടുന്ന സാഹചര്യവും നിലനിൽക്കുന്നു. ഇവയാണ് വർധനവിന് പ്രധാന പ്രേരകശക്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ജിയോയുടെ ഓഹരി പ്രവേശനത്തിന് മുന്നോടിയായി ടെലികോം മേഖലയിലെ വരുമാനവും മൂല്യനിർണയവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
ഡാറ്റാ ഉപഭോഗം വൻതോതിൽ വർധിച്ചിട്ടും ഇന്ത്യയിലെ മൊബൈൽ നിരക്കുകൾ ലോകത്തിലെ ഏറ്റവും കുറഞ്ഞതാണെന്ന് പ്രചരിപ്പിച്ചാണ് വിലകൂട്ടലിന് പിന്തുണ സൃഷ്ടിക്കുന്നത്. ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) ഏകദേശം 14 ശതമാനം വരെ ഉയർത്തി ലഭിക്കാനാണ് കമ്പനികളുടെ നീക്കം.
നിരക്ക് വർധനവ് പുതിയ ഉപഭോക്താക്കളുടെ എണ്ണം കുറയാൻ ഇടയാക്കാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. വില വർധനവ് ഗ്രാമീണ മേഖലയിലെയും കുറഞ്ഞ വരുമാന വിഭാഗങ്ങളിലെയും ഉപഭോക്താക്കളെയാവും കൂടുതൽ ബാധിക്കുക.
അതേസമയം, കടബാധ്യതകൾ മൂലം സാമ്പത്തിക സമ്മർദ്ദം നേരിടുന്ന വോഡഫോൺ ഐഡിയ പോലുള്ള കമ്പനികൾക്ക് ഈ വർധനവ് ഉണ്ടായാൽ പോലും വെല്ലുവിളി മറികടക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. പ്രതിസന്ധി മറികടക്കണമെങ്കിൽ അടുത്ത കുറച്ച് വർഷത്തേക്ക് 45 ശതമാനം വരെ നിരക്ക് വർധനവ് ഇവർക്ക് ആവശ്യമാവും എന്നാണ് സൂചന.
രാജ്യത്ത് 5ജി നെറ്റ്‌വർക്ക് വികസനത്തിന് വേണ്ടിവന്ന വലിയ മൂലധന ചെലവ് കുറഞ്ഞുവരുന്നതോടെ ടെലികോം കമ്പനികളുടെ ലാഭവിഹിതം മെച്ചപ്പെടുന്ന സാഹചര്യമാണ്. ഒറ്റത്തവണ നിക്ഷേപമാണ് ഈ മേഖലയിൽ ആവശ്യമായിട്ടുള്ളത്. ഇത് ഭൂരഭാഗവും പൂർത്തിയാക്കി കഴിഞ്ഞു. എന്നിട്ടും നിരക്ക് വർധന എന്ന ആവശ്യത്തിലേക്ക് വീണ്ടും വരികയാണ്.
സേവന ഗുണനിലവാരം മെച്ചപ്പെടുന്നതിനും മേഖലയിലെ സാമ്പത്തിക സ്ഥിരതയ്ക്കുമായി നിരക്ക് വർധനവ് അനിവാര്യമാണെന്നാണ് ടെലികോം കമ്പനികളുടെ വിശദീകരണം.
