കുട്ടികളുടെ ഷോർട്‌സ് നിയന്ത്രിക്കാം; പുതിയ പാരന്റൽ കൺട്രോൾ ഫീച്ചറുകളുമായി യൂട്യൂബ്


 കാലിഫോർണിയ: കുട്ടികൾക്കും കൗമാരക്കാർക്കും തങ്ങളുടെ പ്ലാറ്റ്‌ഫോം കൂടുതൽ സുരക്ഷിതമാക്കുന്നതിനായി വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് യൂട്യൂബ്. കുട്ടികൾ യൂട്യൂബ് ഷോർട്‌സ് കാണുന്ന സമയം നിയന്ത്രിക്കാനും അനുയോജ്യമായ ഉള്ളടക്കങ്ങൾ മാത്രം ലഭ്യമാക്കാനും മാതാപിതാക്കളെ സഹായിക്കുന്ന പുതിയ പാരന്റൽ കൺട്രോൾ നിയമങ്ങളാണ് കമ്പനി അവതരിപ്പിച്ചത്.

സ്‌ക്രീൻ ടൈം ഇനി മാതാപിതാക്കളുടെ കൈകളിൽ

പുതിയ പരിഷ്കാരം അനുസരിച്ച്, കുട്ടികൾ എത്ര സമയം ഷോർട്‌സ് വീഡിയോകൾ കാണണം എന്നത് മാതാപിതാക്കൾക്ക് തീരുമാനിക്കാം. പഠനസമയത്തോ മറ്റ് തിരക്കുകളിലോ ഷോർട്‌സ് വീഡിയോകൾ പൂർണ്ണമായും ഓഫ് ചെയ്യാനോ (സീറോ മിനിറ്റ്), അല്ലെങ്കിൽ ആവശ്യാനുസരണം 30 മുതൽ 60 മിനിറ്റ് വരെയായി ക്രമീകരിക്കാനോ സാധിക്കും. ഇത്തരമൊരു ഫീച്ചർ ഇതാദ്യമായാണ് ഒരു വീഡിയോ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നത്. ഉറക്കസമയം, ഇടവേളകൾ എന്നിവയ്ക്കുള്ള റിമൈൻഡറുകൾ സെറ്റ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.

ഗുണനിലവാരമുള്ള ഉള്ളടക്കം

കൗമാരക്കാർക്ക് വെറും വിനോദം മാത്രമല്ല, വിദ്യാഭ്യാസപരവും അർഥവത്തായതുമായ ഉള്ളടക്കം ലഭ്യമാക്കുക എന്നതാണ് യൂട്യൂബിന്റെ ലക്ഷ്യം. യൂണിവേഴ്സിറ്റി പ്രൊഫസർമാരുടെയും സൈക്കോളജിക്കൽ സംഘടനകളുടെയും സഹായത്തോടെ തയ്യാറാക്കിയ ഗൈഡ് അനുസരിച്ച്, ക്രാഷ് കോഴ്സുകൾക്കും വിജ്ഞാനപ്രദമായ വീഡിയോകൾക്കും ഇനി മുൻഗണന ലഭിക്കും. നിലവാരം കുറഞ്ഞതും ശ്രദ്ധ തിരിക്കുന്നതുമായ വീഡിയോകൾ ശുപാർശ ചെയ്യുന്നത് (Recommendations) യൂട്യൂബ് കുറയ്ക്കും.

എളുപ്പത്തിലുള്ള അക്കൗണ്ട് മാനേജ്‌മെന്റ്

കുടുംബാംഗങ്ങൾക്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കാൻ പുതിയ സൈൻ-അപ്പ് സംവിധാനം വരുന്നു. മൊബൈൽ ആപ്പിൽ കുറച്ച് ടാപ്പുകളിലൂടെ തന്നെ കുട്ടികളുടെയും മുതിർന്നവരുടെയും അക്കൗണ്ടുകൾക്കിടയിൽ മാറാൻ സാധിക്കും. ഇത് ഓരോരുത്തർക്കും അവരുടെ പ്രായത്തിന് അനുയോജ്യമായ വീഡിയോകൾ മാത്രം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

ഡിജിറ്റൽ ലോകത്ത് കുട്ടികളെ സുരക്ഷിതരായിരിക്കാൻ പഠിപ്പിക്കുക എന്നതാണ് ഈ മാറ്റങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് യൂട്യൂബ് പ്രൊഡക്റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ജെന്നിഫർ ഫ്ലാനറി ഒകോണർ വ്യക്തമാക്കി.



Previous Post Next Post