സിനിമാ ലോകത്തിനു പുതിയ ഷൂട്ടിംഗ് ലൊക്കേഷൻ!!!
ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. ബഹിരാകാശ യാത്രകളും അന്യഗ്രഹ ജീവികളും ഹോളിവുഡിനും പാശ്ചാത്യ സിനിമാ ലോകത്തിനു എന്നും കൗതുകം ജനിപ്പിക്കുന്ന വിഷയങ്ങളായിരുന്നു.
പക്ഷെ അതിന്റെയൊക്കെ ഷൂട്ടിംഗ്, സിനിമാ സെറ്റുകളിലും കംപ്യൂട്ടർ അനിമേഷൻ വിദഗ്ധരുടെ കഴിവുകളിലൂടെയും ജന്മം കൊണ്ട മായാജാലങ്ങളായിരുന്നു!! എന്നാൽ ഇതാദ്യമായാണ് ബഹിരാകാശത്ത് തന്നെ സിനിമ ഷൂട്ടിംഗ്. അതും ഹോളിവുഡിനെ കടത്തിവെട്ടി റഷ്യൻ സിനിമാ പ്രവർത്തകർ!!
ബഹിരാകാശ നിലയത്തിലെ ഒരാൾക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അടിയന്തര ചികിത്സയ്ക്കായി പോകുന്ന സർജന്റെ റോളാണ് യൂലിയ പെരെസിൽഡിന് (Yulia Peresild). ഇപ്പോൾ ബഹിരാകാശ നിലയത്തിലുള്ള റഷ്യയുടെ ഒലേഗ് നൊവിറ്റ്സ്കിയാണ് (Oleg Novitsky) രോഗിയായി അഭിനയിക്കുക!!.
റഷ്യൻ സോയുസ് സ്പേസ് ക്രാഫ്റ്റിലാണ് കസാഖ്സ്ഥാനിലെ റഷ്യൻ സ്പേസ് സെൻററിൽനിന്ന് സംഘം പുറപ്പെട്ടത്. ബഹിരാകാശ യാത്രികനായ ആൻറൺ ഷ്കപ്ലറേവും ( Anton Shkaplerov, ) ഒപ്പമുണ്ട്. ബഹിരാകാശത്ത് സുരക്ഷിതമായി എത്തിയെന്നാണ് റിപ്പോർട്ട്.
12 ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ് ഇവർ മടങ്ങും. സിനിമ ഷൂട്ടിങ്ങിനായി ബഹിരാകാശത്തേക്ക് യാത്രതിരിച്ച് റഷ്യൻ സംഘത്തിൽ സംവിധായകൻ ക്ലിം ഷിപെൻകോയുമുണ്ട്( Klim Shipenko)
‘ചാലഞ്ച്’ എന്നു പേരിട്ടിട്ടുള്ള സിനിമയുടെ ചില ഭാഗങ്ങളാണ് ബഹിരാകാശ കേന്ദ്രത്തിൽ ചിത്രീകരിക്കുക. നേരത്തേ 2 തവണ പാളിയ ദൗത്യമാണിത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ റഷ്യൻ ഭാഗത്ത് സിനിമ ചിത്രീകരിക്കാനുള്ള സൗകര്യം കുറവായതുകൊണ്ട് നൗക എന്ന പുതിയ ലാബ് മൊഡ്യൂൾ സജ്ജീകരിച്ചിട്ടുണ്ട്.