TECH Malayalam | Latest News Updates From Technology In Malayalam

ടോക്കൺ വരുന്നു!! ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറേണ്ടതില്ല!! ഇടപാടുകൾക്ക് സുരക്ഷയേറും.


ഓൺലൈൻ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള ‘കാർഡ് ടോക്കണൈസേഷൻ’ രീതി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കർശനമാക്കുന്നു. 

പണമിടപാടിൽ ക്രെഡിറ്റ് / ഡെബിറ്റ് കാർഡിലെ യഥാർത്ഥ വിവരങ്ങൾ നൽകുന്നതിനു പകരം ടോക്കൺ ഉപയോഗിക്കുന്നതാണിത്. ഈ ടോക്കണാകും വെബ്‌സൈറ്റുകൾക്കു ലഭിക്കുക. ഇതിലൂടെ കാർഡ് ദുരുപയോഗ സാധ്യതയും കുറയും.





കാർഡ് നൽകിയ ബാങ്കിനും കാർഡ് നെറ്റ്‍വർക്കിനുമല്ലാതെ പണമിടപാടിലെ വേറൊരാൾക്കും  2022 ജനുവരി 1 മുതൽ കാർഡ് വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കാനാകില്ലെന്നാണ് ആർബിഐയുടെ പുതിയ ഉത്തരവുകൊണ്ടുള്ള ഉപകാരം.

കാർഡ് വിവരങ്ങൾ സൂക്ഷിക്കുന്ന പോർട്ടലുകൾ സൈബർ ആക്രമണത്തിനു വിധേയമായതിലൂടെ ലക്ഷക്കണക്കിനു കാർഡുകളുടെ വിവരങ്ങൾ പലപ്പോഴായി ചോർന്നു. ഇതിൽ പല കാർഡ് വിവരങ്ങളും ദുരുപയോഗിക്കപ്പെട്ടു.  ചോർത്തപെട്ട 10 കോടി ക്രെഡിറ്റ്‌, ഡെബിറ്റ് കാർഡ് വിവരങ്ങൾ ഡാർക്ക് വെബിലുള്ള കാര്യം ലോകമെമ്പാടും പത്രമാധ്യമങ്ങൾ റിപ്പോർട്ട് (https://www.indiatoday.in/technology/news/story/-data-of-100-million-credit-debit-cardholders-leaked-on-dark-web-1755570-2021-01-04)  ചെയ്തിരുന്നു.



• ശരിക്കും എന്താണ് ടോക്കണൈസേഷൻ ?

യഥാർത്ഥ കാർഡ് വിവരങ്ങൾക്കു പകരമുള്ള കോഡ് നമ്പറാണ് ടോക്കൺ. കാർഡ് നൽകുന്ന കമ്പനിയാണ് (വീസ, മാസ്റ്റർകാർഡ്) പൊതുവേ ടോക്കൺ സർവീസ് പ്രൊവൈഡർ (ടിഎസ്പി). ഉദാഹരണത്തിന്  വെബ്‌സൈറ്റിൽനിന്നു സാധനം വാങ്ങി പേയ്മെന്റ് നടത്തുമ്പോൾ ടിഎസ്പി ജനറേറ്റ് ചെയ്യുന്ന ടോക്കൺ ആണ് ഓൺലൈൻ വ്യാപരം നടത്തുന്ന സൈറ്റിനു ലഭിക്കുന്നത്. ഇതു മാത്രമേ അവർക്ക്  സൂക്ഷിക്കാൻ പറ്റുകയുള്ളൂ!!. ഈ ടോക്കൺ ഉപയോഗിച്ച് കാർഡ് ഡീറ്റൈൽസ് എടുക്കാൻ മൂന്നാമതൊരാൾക്ക് പറ്റില്ല. 

ഗൂഗിൾ‌ പേ പോലുള്ള പേയ്മെന്റ് ആപ്പുകളിലും സമാനസംവിധാനമുണ്ട്. ഇതു പൂർണതോതിലാകുന്നതോടെ എല്ലാ ഇ–പേയ്മെന്റ് സൈറ്റുകളിലും ഇടപാടുകൾ ടോക്കണൈസേഷനിലൂടെയാകും.

കാർഡ് വിവരങ്ങൾ സൂക്ഷിക്കാൻ പാടില്ലെന്നാണു ചട്ടമെങ്കിലും ഇടപാടുകൾ ട്രാക്ക് ചെയ്യാനും മറ്റും സ്ഥാപനങ്ങൾക്കു മാനദണ്ഡങ്ങളോടെ കാർഡ് നമ്പറിന്റെ അവസാന നാലക്കവും കാർഡ് ഇഷ്യു ചെയ്ത കമ്പനിയുടെ പേരും സൂക്ഷിക്കാൻ ആർബിഐ അനുമതി നൽകിയിട്ടുണ്ട്. ഇതുകൊണ്ട് സുരക്ഷാ ഭീഷണിയൊന്നും ഒട്ടും തന്നെയില്ല.

 ഇടപാടുകള്‍ നടത്തുമ്പോള്‍ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ പൂര്‍ണമായി നല്‍കുന്നതിന് പകരമുള്ള ടോക്കണ്‍ സംവിധാനം രാജ്യത്ത് ആദ്യമായി ഏര്‍പ്പെടുത്തി ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ വിസ ( VISA) യാണ്.

ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ കാര്‍ഡ് നമ്പറും സി വി വി (കാര്‍ഡ് വേരിഫിക്കേഷന്‍ വാല്യു- കാർഡിന്റെ പിറകിലുളള മൂന്നക്ക നമ്പറാണിത്)  അടക്കമുള്ള വിശദ വിവരങ്ങളും നല്‍കുന്നത് ഉടന്‍ അവസാനിപ്പിണമെന്ന് ആര്‍ ബി ഐ പേയ്‌മെന്റ് കമ്പനികള്‍ക്കും പെയ്‌മെന്റ് ഗെയ്റ്റ് വേകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. വിസ, മാസ്റ്റര്‍ കാര്‍ഡ്, റൂപേ തുടങ്ങിയവയാണ് രാജ്യത്ത് ഈ സേവനങ്ങള്‍ നല്‍കിവരുന്നത്. 2022 ജനുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തണമെന്നായിരുന്നു കേന്ദ്ര ബാങ്കിന്റെ അന്ത്യശാസനം.

പെയ്‌മെന്റ് സൊല്യൂഷന്‍ കമ്പനിയായ ജസ് പേ (Juspay) യുമായി സഹകരിച്ചാണ് വിസ കാര്‍ഡ് ഓണ്‍ ഫയല്‍ (Card-on-File) എന്ന സേവനം ആരംഭിച്ചത്. ഗ്രോഫേഴ്‌സ് (Grofers), ബിഗ് ബാസ്‌കറ്റ് (BigBasket), മേക്ക് മൈ ട്രിപ്പ് (MakeMyTrip) തുടങ്ങിയ പ്ലാറ്റ് ഫോം ഉപയോഗിച്ച് സാധന സേവനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് വിസ അറിയിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post