ഓ പിന്നെ! ഈ മെറ്റാവേഴ്സ് ഫെയ്സ്ബുക്കിന്റെ ( മെറ്റയുടെ ) തറവാട് സ്വത്താണോ??!മെറ്റാവേഴ്‌സുമായി മൈക്രോസോഫ്റ്റും!!
• എന്താണ് മെറ്റാവേഴ്സ് (Metaverse) ?
മെറ്റാവേഴ്സ് എന്നത്
മനുഷ്യരുടെ സാമൂഹിക ജീവിതത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യയും കംപ്യൂട്ടർ നിർമ്മിത ബുദ്ധിയും, ഐഓടി ( IOT ) തുടങ്ങിയ എല്ലാം ചേർന്ന് നിർമ്മിക്കുന്ന മായലോകമാണ്. വേർച്ച്വൽ റിയാലിറ്റി, ഓഗ് മെന്റഡ് റിയാലിറ്റി എല്ലാം ഇതിൽ ഉൾപെടുന്നു!!
മെറ്റാവേഴ്സ് മനസ്സിലാക്കാൻ ചില ഉദാഹരണങ്ങൾ പറയാം.
• ഇപ്പോൾ അമേരിക്കയിലുളള നിങ്ങളുടെ ബന്ധു നിങ്ങളുടെ വീട്ടിലെ സോഫയിൽ ഇരുന്നു കൊണ്ട് നിങ്ങളോട് സംസാരിക്കുന്നു!!
• ഡെൽഹിയിലുള്ള നിങ്ങളുടെ സുഹൃത്ത്, അവിടെ നിന്ന് കൊണ്ട് തന്നെ, നിങ്ങളുടെ വീട്ടിലെ കല്ല്യാണത്തിൽ പങ്കെടുക്കുന്നു!!.
• നിങ്ങളുടെ ഇനിയും നിർമ്മാണം തുടങ്ങിയിട്ടില്ലാത്ത വീടിന്റെ അകത്തേക്ക് നിങ്ങൾ പോകുന്നു. അടുക്കളയിൽ നിന്ന് ഒരു ചായയുണ്ടാക്കി കുടിക്കുന്നു!!
• എറണാകുളത്ത് ഫ്ലാറ്റിലുള്ള നിങ്ങൾ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രമുഖ ക്രിക്കറ്റ് പ്ലെയേസുമായി ക്രിക്കറ്റ് കളിക്കുന്നു!!
ഓർക്കുമ്പോൾ ശുദ്ധഭ്രാന്ത് എന്ന് തോന്നുന്ന ഈ അനുഭവം അതാണ് മെറ്റാവേഴ്സ്!!
മെറ്റാവേഴ്‌സുമായി മൈക്രോസോഫ്റ്റും!
മെറ്റാവേഴ്‌സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി താന്‍ വെര്‍ച്വലായി ബ്രിട്ടനിലെ കോവിഡ്-19 വാര്‍ഡ്, ടൊയോട്ടയുടെ നിര്‍മാണശാല, രാജ്യാന്തര ബഹിരാകാശ നിലയം വരെ സന്ദര്‍ശിച്ചുവെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല വെളിപ്പെടുത്തി!!
സയൻസ് ഫിക്ഷനില്‍ നടക്കുന്ന കാര്യങ്ങൾ ഇനി അധികം വൈകാതെ സാധാരണക്കാര്‍ക്കും ലഭിക്കുമെന്നാണ് കരുതുന്നത്.
മെറ്റാവേഴ്‌സ് എന്ന സങ്കല്‍പം ഫെയ്‌സ്ബുക്കിനു സ്വന്തമാണ് എന്നു കരുതിയെങ്കില്‍ തെറ്റി, ഒരുപാട് കമ്പനികള്‍ ഈ ഫീൽഡിൽ വരികയാണ്. ലോകത്തെ ഏറ്റവും സോഫ്റ്റ് വേർ കമ്പനിയായ മൈക്രോസോഫ്റ്റും സ്വന്തം മെറ്റാവേഴ്‌സ് അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ്.
ഫെയ്‌സ്ബുക്കിന്റേതു പോലെ കളിതമാശകള്‍ മാത്രമല്ല മൈക്രോസോഫ്റ്റിന്റെ മെറ്റാവേഴ്‌സില്‍ ഉള്ളത് - എം എസ് ഓഫിസ് സോഫ്റ്റ് വെയർ വരെ ഉപയോഗിക്കാം. മൈക്രോസോഫ്റ്റ് മെറ്റാവേഴ്‌സ് കമ്പനികള്‍ക്കും മറ്റും കൂടുതല്‍ അനുയോജ്യമായേക്കാമെന്നും കരുതുന്നു. ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ ലോകത്ത് ഓഫിസ് ഫയലുകള്‍ ഷെയർ ചെയ്യാന്‍ സാധിക്കുന്ന ഒന്നായിരിക്കും മൈക്രോസോഫ്റ്റിന്റെ മെറ്റാവേഴ്‌സ് എന്നാണ് കരുതുന്നത്.
ആദ്യമെത്തുന്നത് മൈക്രോസോഫ്റ്റ് ടീംസില്‍!
മെറ്റാവേഴ്‌സിന്റെ തുടക്കമെന്ന നിലയില്‍ മൈക്രോസോഫ്റ്റ് ടീംസ് ചാറ്റില്‍ ഡിജിറ്റല്‍ അവതാറുകളെ (Avatar) അവതരിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇത് 2022 ആദ്യ പകുതിയില്‍ തന്നെ ലഭ്യമാകുമെന്നാണ് കമ്പനി പറയുന്നത്. മെറ്റാവേഴ്സ് സയന്‍സ് ഫിക്ഷന്‍ പോലെ തോന്നിപ്പിക്കുന്നു എന്നും സത്യ നദെല്ല ബ്ലൂംബര്‍ഗ് ( Bloomberg) ടെലിവിഷനോടു പറഞ്ഞു. ഒരു കമ്പനിയിലെ ജീവനക്കാര്‍ക്ക് വെര്‍ച്വലായി കൂടുതല്‍ മികവാർന്ന രീതിയില്‍ ഒന്നിക്കാനുളള ഇടം ഒരുക്കുക എന്ന ദൗത്യമാണ് ടീംസ് ആദ്യം നിറവേറ്റുക.
ഇതിനായി മൈക്രോസോഫ്റ്റ് ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച മെഷ് ( Microsoft Mesh ) എന്ന സാങ്കേതികവിദ്യ ആയിരിക്കും പ്രയോജനപ്പെടുത്തുക. മെഷിന് ഓഗ്‌മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി അനുഭവങ്ങള്‍, പലതരം കണ്ണടകളും ഹെഡ്‌സെറ്റുകളും വഴി നല്‍കാന്‍ സാധിക്കും. ഇത്തരം ഏറ്റവും വിലകൂടിയ ഉപകരണങ്ങളിലൊന്നാണ് കമ്പനിയുടെ സ്വന്തം ഹോളോലെന്‍സ്. എന്നാല്‍, ഇത്തരം ഉപകരണങ്ങള്‍ ഇല്ലാത്തവര്‍ക്കും മൈക്രോസോഫ്റ്റിന്റെ മെറ്റാവേഴ്‌സിലേക്കു കടക്കാം. എന്നാൽ, അവരുടെ കാഴ്ചകൾക്ക് 3D ലഭിക്കില്ല, അവ 2D ആയിരിക്കും.
മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അക്‌സഞ്ച്വര്‍ (Accenture) കമ്പനി അവരുടെ ആസ്ഥാനത്തിന്റെ ഒരു ഡിജിറ്റല്‍ പകർപ്പ് സൃഷ്ടിക്കുകയും പുതിയ ജോലിക്കാര്‍ക്ക് കമ്പനിയുടെ രീതികള്‍ പരിചയപ്പെടുത്തി നല്‍കിയെന്നും പറയുന്നു.
മൈക്രോസോഫ്റ്റ് പരിചയപ്പെടുത്തിയ മറ്റൊരു ഉല്‍പന്നമാണ് 'ഡൈനാമിക്‌സ് 365 കണക്ടഡ് സ്‌പേസസ്' ( Dynamics 365 Connected Spaces ) ഇതുവഴി ഫാക്ടറികള്‍ക്കും റീട്ടെയില്‍ കടകള്‍ക്കും മറ്റും അകത്ത് ആളുകള്‍ക്ക് വെര്‍ച്വലായി സഞ്ചരിക്കാൻ സാധിക്കും. കൂടാതെ, എക്‌സ്‌ബോക്‌സ് ( Xbox )
ഗെയിമിങ് പ്ലാറ്റഫോമും പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി അടുത്ത തലത്തിലേക്ക് കടക്കാനുള്ള സാധ്യതയും നദെല്ല അറിയിച്ചു. ഹെയ്‌ലോ, ഫ്‌ളൈറ്റ് സിം തുടങ്ങിയവ ഇപ്പോള്‍ത്തന്നെ മെറ്റാവേഴ്‌സിനു സമാനമായ അനുഭവമാണ് നല്‍കുന്നതെന്നും നദെല്ല അവകാശപ്പെട്ടു. ഫെയ്‌സ്ബുക്കിന്റെ ഒക്യുലസ് ഹെഡ്‌സെറ്റ് ഉപയോഗിച്ചും മൈക്രോസോഫ്റ്റിന്റെ മെറ്റാവേഴ്‌സില്‍ എത്താം.
നദെല്ലയ്ക്കും സക്കര്‍ബര്‍ഗിനും തമ്മില്‍ വെര്‍ച്വലായി കണ്ടുമുട്ടണമെങ്കില്‍ മൈക്രോസോഫ്റ്റ് ടീംസില്‍ സന്ധിക്കേണ്ടി വരുമോ, അതോ മെറ്റായുടെ ഹൊറൈസൺവഴിയാകുമോ? അതോ ഇരു പ്ലാറ്റ്‌ഫോമുകളിലും ഉള്ളവര്‍ക്ക് പരസ്പരം കാണാനാകുമോ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കേണ്ടിയിരിക്കുന്നു.
എന്നാല്‍, ഇത്തരം കമ്പനികള്‍ ഇക്കാര്യത്തിലൊക്കെ എങ്ങനെ സഹകരിക്കുമെന്ന് "കണ്ടറിയണം കോശി"!!