നിങ്ങൾ മൊബൈൽ റീചാർജ്ജ് ചെയ്യുന്നത് വർഷത്തിൽ 13 തവണയാണോ? കമ്പനികളുടെ തട്ടിപ്പ് തടഞ്ഞു ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ നിർദ്ദേശം!!


ഒരു വർഷം 12 മാസമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ നിങ്ങളിൽ പലരും ഒരു വർഷം 13 തവണ മൊബൈൽ റീചാർജ് ചെയ്യേണ്ടി വരുന്നുണ്ട്. മൊബൈൽ കമ്പനികൾ നടത്തുന്ന ഈ പകൽ കൊള്ള പലർക്കും മനസ്സിലായിട്ടില്ല.  കുറച്ചു കൂടെ വ്യക്തമാക്കി പറഞ്ഞാൽ മൊബൈൽ കമ്പനികളുടെ റീചാർജ് പ്ലാനുകളുടെ കലാവധി 28 ദിവസം എന്ന് നിശ്ചയിക്കുമ്പോൾ 28 * 13= 364 അതായത് വർഷത്തിൽ 13 തവണ നിങ്ങൾ റീചാർജ്ജ് ചെയ്യണം!! ഒരു മാസത്തെ അധിക റീചാർജ്ജ് നിങ്ങൾ പോലും അറിയാതെ, ശാസ്ത്രീയമായി കമ്പനി അടിച്ചു മാറ്റുന്നു.



ഇതിനു തടയിടാൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ നിർദ്ദേശം എല്ലാമാസവും ഒരേ ദിവസം.റീചാർജ്ജ് ചെയ്യാൻ ഉപയോക്താവിനെ അനുവദിക്കണം എന്നാണ്. ഉദാഹരണത്തിന് എല്ലാമാസവും ഒന്നാം തിയതി റീചാർജ്ജ് ചെയ്യുന്നയാൾ, വർഷത്തിൽ 12 തവണ റീചാർജ് ചെയ്താൽ മതിയാകും.



എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന ഒരു റീചാർജ് പ്ലാനെങ്കിലും (പ്ലാൻ വൗച്ചർ, സ്പെഷൽ താരിഫ് വൗച്ചർ, കോംബോ വൗച്ചർ) എല്ലാ ടെലികോം സേവനദാതാക്കളും നൽകണമെന്ന് ട്രായ് ഉത്തരവിട്ടു. 30 ദിവസം വാലിറ്റിഡിറ്റിയുള്ള (കാലാവധി) ഒരു പ്ലാനും നൽകണമെന്ന് നിർദേശമുണ്ട്. ഇതിനായി 1999ലെ ടെലികമ്യൂണിക്കേഷൻ താരിഫ് ഓർഡറാണ് ഭേദഗതി ചെയ്തത്.


ഉപയോക്താക്കളും സംഘടനകളും ആവശ്യപ്പെട്ടത്: 


• ഒരു മാസം എത്ര ദിവസമുണ്ടെന്ന് കണക്കാക്കാതെ എല്ലാ മാസവും ഒരേ തീയതിയിൽ റീചാർജ് ചെയ്യാവുന്ന സംവിധാനം വേണം. 


• ഒരു ദിവസം, 7 ദിവസം, 15 ദിവസം, ഒരു മാസം എന്നിങ്ങനെയുള്ള പ്ലാനുകൾ ഒഴികെയുള്ളവ റദ്ദാക്കുക.


ഈ കാര്യത്തിൽ ട്രായിയുടെ നിലപാട് ഇങ്ങനെ: 


പരാതികൾ വന്നെങ്കിലും ടെലികോം കമ്പനികൾ കാലാവധിയുടെ കാര്യത്തിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് ട്രായ് നിരീക്ഷിച്ചു. ഒരു കമ്പനിയും 28 ദിവസത്തെ പ്ലാൻ പ്രതിമാസം പ്ലാനായും മാർക്കറ്റ് ചെയ്തിട്ടില്ല. ഇക്കാരണത്താലാണ് 28 ദിവസം പ്ലാനുകൾ നിയമം മൂലം നിർത്തലാക്കാത്തത്. ഇതിനു പകരം എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന റീചാർജ് പ്ലാനുകൾ അധികമായി വേണമെന്നാണ് ഉത്തരവിട്ടത്. ഇതനുസരിച്ച് ഒരു വർഷം 12 തവണ പ്രതിമാസ റീചാർജ് ചെയ്താൽ മതിയാകും.


ഉദാഹരണത്തിന് 338 രൂപയുടെ 28 ദിവസ കാലാവധിയുള്ള റീചാർജ് പ്ലാൻ ഒരു വർഷം മുഴുവൻ ഉപയോഗിച്ചാൽ 4,394 രൂപയാകുമെങ്കിൽ എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന പ്ലാൻ വന്നാൽ 12 മാസത്തെ തുകയായ 4,056 രൂപയേ ചെലവാകൂ. ആളുകൾക്ക് താരിഫ് സംബന്ധമായി കൂടുതൽ മെച്ചപ്പെട്ട തീരുമാനം എടുക്കാൻ തീരുമാനം വഴിവയ്ക്കുമെന്നാണ് ട്രായിയുടെ നിലപാട്.

Previous Post Next Post