കൊച്ചു കുട്ടികളുടെ കൈയിൽ ഫോൺകൊടുക്കരുതെന്ന കാര്യം അറിയാത്തവരില്ല. എന്നാൽ ഈ കാര്യം ആരും ഗൗരവമായി എടുക്കാറില്ല.
അമേരിക്കയിലെ ന്യൂജഴ്സിയിലെ ഇന്ത്യൻ വംശജരായ ഒരു കുടുംബത്തിന് 'പണി കിട്ടിയ' വാർത്തയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
പ്രമോദ് കുമാർ-മധു ദമ്പതികൾക്കാണ് അവരുടെ രണ്ട് വയസുകാരനായ മകൻ അയാൻഷ് കുമാറിന്റെ വക 'പണി' കിട്ടിയത്. 2000 ഡോളർ ഏകദേശം 1.4 ലക്ഷം രൂപ വിലമതിക്കുന്ന വീട്ടുപകരണങ്ങൾ അമ്മ മധു കുമാറിന്റെ ഫോണിൽ വഴി അയാൻഷ് വാൾമാർട്ടിൽ ഓർഡർ ചെയ്തു. അമ്മ ഫോൺ കുഞ്ഞിനു കളിക്കാൻ കൊടുത്തതായിരുന്നു.
" പുതിയ വീട്ടിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങാമെന്ന ഉദ്ദേശത്തോടെ മധു കുറച്ചു സാധനങ്ങൾ വാൾമാർട്ട് വെബ് സൈറ്റിൽ കയറി നിരവധി വീട്ടുപകരണങ്ങൾ തെരഞ്ഞെടുത്ത് കാർട്ടിൽ സൂക്ഷിച്ചിരുന്നു. താരതമ്യം ചെയ്ത് വാങ്ങാമെന്ന് കരുതി ഒരേ പോലുള്ള സാധനങ്ങളും അവയിലുണ്ടായിരുന്നു. എന്നാൽ, അയാൻഷ് എല്ലാംകൂടി ഓർഡർ ചെയ്തു. 'ഇത് അവനാണ് ചെയ്തതെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല, പക്ഷെ അതാണ് സംഭവിച്ചത്'. - അച്ഛൻ പ്രമോദ് കുമാർ പറഞ്ഞു.
നിരവധി പെട്ടികളിലായി വലുതും ചെറുതുമായ ഫർണിച്ചറുകൾ തങ്ങളുടെ അഡ്രസിലേക്ക് വന്നുതുടങ്ങിയതോടെ മധുവും പ്രമോദും അമ്പരന്നു. സംശയം തോന്നി മധു, അവരുടെ വാൾമാർട്ട് അക്കൗണ്ട് പരിശോധിച്ചപ്പോൾ, മകൻ കസേരകളും ഫ്ലവർ സ്റ്റാൻഡുകളും കൂടാതെ അവർക്ക് ആവശ്യമില്ലാത്ത മറ്റു പലതും ഓർഡർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ഈ സാധനങ്ങളെല്ലാം അവൻ ഓർഡർ ചെയ്തതാണെന്ന് മനസിലാക്കിയതോടെ ഞങ്ങൾക്ക് ചിരിയാണ് വന്നത്. അവൻ വളരെ ചെറുതാണ്. -മധു പറഞ്ഞു. എന്തായാലും ഇനിമുതൽ ഫോണുകളിൽ നിർബന്ധമായും ലോക്ക് ഓപ്ഷൻ ഉപയോഗിക്കുമെന്ന് അച്ഛൻ പ്രമോദ്കുമാർ വ്യക്തമാക്കി.
മൊത്തം പാഴ്സലുകളും വന്നാൽ, റിട്ടേൺ പോളിസിയുള്ളവയിൽ, ആവശ്യമില്ലാത്തവ തിരിച്ചയക്കാനാണ് ദമ്പതികൾ തീരുമാനിച്ചിരിക്കുന്നത്.